ഗ്രീന്‍ഫീല്‍ഡിലെത്തിയ മഴയെ ഫുട്‌ബോള്‍ കളിച്ച് തോല്‍പ്പിച്ച് കൊഹ്ലിപ്പട; ഇരട്ടി സന്തോഷത്തില്‍ ആരാധകരും

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യുസിലാന്‍ഡ് ടി-20 ക്രിക്കറ്റ് മത്സരത്തെ ആവേശത്തോടെയാണ് മലായാളി ആരാധകര്‍ വരവേറ്റത്. മത്സരവേദിയായ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കൊഴുകിയെത്തിയ ആരാധകര്‍ തന്നെയാണ് അതിനു തെളിവ്. പക്ഷെ ആരാധകരെത്തുന്നതിനു മുന്‍പേ കാര്യവട്ടത്ത് തമ്പടിച്ച് തകര്‍ത്ത് പെയ്ത മഴ, മത്സരത്തിന് തടസ്സമാകുമോ എന്ന ആശങ്ക പരത്തി നില്‍ക്കവെയാണ് ആരാധകര്‍ക്ക് ആവേശ വിരുന്നായി ഇന്ത്യന്‍ താരങ്ങള്‍ ഫുട്‌ബോളുമായി ഗ്രൗണ്ടിലെത്തിയത്.

രസം കൊല്ലിയായി ഇടയ്ക്കിടെ പെയ്ത മഴയിലും ആവേശം കൈവിടാതെ ഒഴുകിയെത്തിയ കാണികള്‍ക്കു മുന്നില്‍ കോഹ്ലിയും കൂട്ടുകാരും പന്തു തട്ടാനിറങ്ങിയത്. ചാറ്റല്‍ മഴ പെയ്തുകൊണ്ട് നില്‍ക്കവെയായിരുന്നു രോഹിത് ശര്‍മയും ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ലോകേഷ് രാഹുലും മുഹമ്മദ് സിറാജുമായിരുന്നു കൊഹ്ലിക്കൊപ്പം ഫുട്‌ബോള്‍ തട്ടിയ താരങ്ങള്‍. ട്രസ്സിങ് റൂമിനു മുന്‍പില്‍ ഫുട്‌ബോള്‍ ‘സ്‌കില്ലു’കളുമായി കളം നിറഞ്ഞപ്പോള്‍ കാണികള്‍ക്കും ആവേശം.

വട്ടത്തില്‍ കൂടിനിന്ന് ബോള്‍ നിലത്തു വീഴാതെ പാസ് ചെയ്തു തുടങ്ങിയ കളി ഒടുവില്‍ കസേരകള്‍കൊണ്ടൊരുക്കിയ പോസ്റ്റിലേക്കു ഗോളടിക്കുന്ന രീതിയിലായി. അതിനിടെ ഡ്രസിങ് റൂമില്‍നിന്ന് എം.എസ്.ധോണി കൂടി ഗ്രൗണ്ടിലേക്കെത്തിയപ്പോള്‍ അലറി വിളിച്ചാണ് ആരാധകര്‍ എതിരേറ്റത്. പക്ഷെ ഫുട്‌ബോള്‍ കളിക്കാന്‍ കോഹ്ലിയും കൂട്ടരും വിളിച്ചെങ്കിലും കൈകൊണ്ടു വിസമ്മതം അറിയിച്ച് അതിവേഗം ധോണി ഡ്രസിങ് റൂമിലേക്കു മടങ്ങി.

മുക്കാല്‍ മണിക്കൂറോളംതാരങ്ങള്‍ ഫുട്‌ബോള്‍ തട്ടിക്കളിച്ചത് ബോറടി മാറ്റാനോ സമയം കൊല്ലാനോ ആയിരുന്നു. പക്ഷെ ആരാധകര്‍ ആവേശത്തിലായിരുന്നു, കാരണം ഫുട്‌ബോളും മലയാളികള്‍ ഏറെ ഇഷ്ട്ടപ്പെടുന്നവരാണല്ലോ.