ഒരു മത്സരത്തില്‍ ‘രണ്ട് ഹാട്രിക്’ എന്ന അപൂര്‍വ നേട്ടവുമായി ഓസിസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്

മെല്‍ബണ്‍: ഒരു മത്സരത്തില്‍ രണ്ട് ഹാട്രിക് എന്ന അപൂര്‍വ നേട്ടവുമായി ആസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്. ആഭ്യന്തര ലീഗില്‍ വെസ്‌റ്റേണ്‍ ആസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ന്യൂസൗത്ത് വെയില്‍സിനുവേണ്ടിയാണ് ഇടംകൈയ്യന്‍ പേസ് ബൗളറായ സ്റ്റാര്‍ക് ചരിത്ര നേട്ടം സ്വന്തമാക്കിയത്. രണ്ടിന്നിങ്‌സിലും ഹാട്രിക് നേടിയ സ്റ്റാര്‍ക്ക് ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഓസിസ് ബൗളറാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39 വര്‍ഷത്തിനുശേഷമാണ് ഇത്തരമൊരു നേട്ടം.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ അവസാന മൂന്നു ബാറ്‌സ്മാന്മാരെ വീഴ്ത്തിയാണ് സ്റ്റാര്‍ക് ആദ്യ ഹാട്രിക് നേടിയത്. രണ്ടാം ഇന്നിങ്‌സിലും അവസാന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് സ്റ്റാര്‍ക് അപൂര്‍വ നേട്ടം സ്വസന്തമാക്കിയത്.

1978-ല്‍ ഇന്ത്യന്‍ ടീമിനെതിരെ പാകിസ്താന്‍ കംബൈന്‍ഡ് ഇലവനുവേണ്ടി അമീന്‍ ലഖാനിയാണ് അവസാനമായി ഈ നേട്ടം കൈവരിച്ചത്. അതിനു മുന്‍പ് ഏഴ് ബൗളര്‍മാര്‍ ഇതേ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.1912-ല്‍ ഈ നേട്ടം സ്വന്തമാക്കിയ ടി.ജെ. മാത്യൂസാണ് സ്റ്റാര്‍ക്കിനു മുന്‍പ് ഈ നേട്ടം സ്വാന്തമാക്കിയ ഓസീസ് ബൗളര്‍.