കള്ളപ്പണത്തിനെതിരായ പോരാട്ടം വിജയിച്ചെന്നു മോദി: നോട്ട് നിരോധന വാര്‍ഷിക ദിനം ‘കരി’ദിനമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കുചേര്‍ന്നെന്നും, പദ്ധതി വിജയമായിരുന്നുവെന്നും നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനത്തെ പ്രണമിക്കുന്നു. നോട്ട് അസാധുവാക്കലിന് ശേഷം നികുതി വരുമാനത്തില്‍ അഭൂതപൂര്‍വമായ വന്‍വര്‍ധന ഉണ്ടായി. 2015- 2016 വര്‍ഷം 66.53 ലക്ഷം പേര്‍ പുതിയ നികുതിദായകരായെങ്കില്‍ 2016-2017 വര്‍ഷം ഇത് 84.21 ലക്ഷമായി ഉയര്‍ന്നു. നോട്ട് അസാധുവാക്കല്‍ വഴി വായ്പകളുടെ പലിശ കുറഞ്ഞെന്നും ഭീമമായ വസ്തുവില കുറഞ്ഞതായും തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ച നോട്ട് അസാധുവാക്കല്‍ വാര്‍ഷികദിനമായ ഇന്ന് കള്ളപ്പണവിരുദ്ധ ദിനമായാണ് കേന്ദ്ര സര്‍ക്കാര്‍ ആചരിക്കുന്നത്. അതെ സമയം, നോട്ടു അസാധുവാക്കല്‍ വാര്‍ഷിക ദിനമായ ഇന്ന് കരിദിനമായി പ്രഖ്യാപിച്ച് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ് കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും അസാധുവാക്കിയ തീരുമാനം ഒരു വര്‍ഷം തികയുമ്പോഴും ശരിയായിരുന്നു എന്നുതന്നെയാണ് സര്‍ക്കാര്‍ ആണയിടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലും പ്രചാരണവേദികളില്‍ നോട്ട് നിരോധനത്തിന്റെ ഗുണ വശങ്ങള്‍ ബി.ജെ.പി പ്രചരിപ്പിക്കുമ്പോള്‍, പോരായ്മകള്‍ തുറന്നു കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളും പ്രചാരണം നടത്തുന്നത്.