സംസ്ഥാനത്തെ റോഡുകള്‍ ‘തോടുകള്‍ക്കു’ സമം എങ്ങും കുണ്ടും കുഴിയും,ഇതുവരെ ലഭിച്ചത് 5,300 പരാതികള്‍
തിരുവനന്തപുരം: അറ്റകുറ്റപ്പണി നടത്താതെ സംഥാനത്തെ റോഡുകള്‍ പൊട്ടിപൊളിയുമ്പോള്‍, പരാതി പറയാനായി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ടോള്‍ഫ്രീ നമ്പരില്‍ ഇതുവരെ ലഭിച്ചത് 5,300 പരാതികള്‍. 2016 മേയ് മുതല്‍ കഴിഞ്ഞദിവസം വരെയുള്ള കണക്കാണിത്. ടോള്‍ഫ്രീ നമ്പര്‍ മുഖേന പൊതുമരാമത്ത് മന്ത്രി നേരിട്ട് പരാതികേള്‍ക്കുന്ന സംവിധാനം നിലവില്‍ വന്ന 2017 സെപ്റ്റംബര്‍ പതിനാലിനുശേഷം ലഭിച്ചത് 2,391 പരാതികളാണ്. റോഡിലെ കുഴികളെ സംബന്ധിച്ചാണ് പരാതികളേറെയും. ടാറിങ്ങിലെ ഗുണ നിലവാരം സംബന്ധിച്ച പരാതികളും റോഡു കയ്യേറ്റവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം തിരുവനന്തപുരം ജില്ലയില്‍നിന്ന് 646 പരാതികള്‍ ലഭിച്ചു. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്. ജില്ലയില്‍ നിന്നും ഇതുവരെ 611 പരാതികളാണ് ലഭിച്ചത്. മന്ത്രി ഫോണിലൂടെ പരാതി കേട്ടുതുടങ്ങിയതിനുശേഷമുള്ള പരാതികളുടെ എണ്ണം 272. മൂന്നാം സ്ഥാനത്ത് ആലപ്പുഴയാണ്-607. ഏറ്റവും പിന്നില്‍ വയനാടും കാസര്‍കോടുമാണ്. ആകെ 181 പരാതികള്‍ വീതം.
മഴ തുടങ്ങിയതിനാലാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ കാല താമസമുണ്ടാകുന്നതെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, മുന്‍കൂട്ടി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തതെന്താണെന്ന മറു ചോദ്യത്തിന് കൃത്യമായ വിശദീകരണവുമില്ല.അതെ സമയം അറ്റകുറ്റപ്പണിക്കായി ആവശ്യത്തിന് തുക ലഭിക്കുന്നില്ലെന്നും അനുവദിക്കുന്ന തുക ഓഫിസുകളിലേക്കെത്താന്‍ താമസമുണ്ടാകുന്നതായും ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ആരോപിക്കുന്നു.
കോള്‍ സെന്ററില്‍ ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട മേഖലകളിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കാണു കൈമാറുന്നത്. മൂന്നു ദിവസത്തിനകം പരാതി പരിശോധിക്കണമെന്നും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നുമാണ് മന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. കോള്‍ സെന്ററില്‍ ലഭിച്ച പരാതികളില്‍ നടപടി സ്വീകരിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് ഒരാഴ്ചയെന്ന സമയപരിധി നിശ്ചയിച്ചത്. മന്ത്രി നേരിട്ട് കേള്‍ക്കുന്ന പരാതികളുടെ പുരോഗതി പ്രത്യേകമായി അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
2009ലാണ് പൊതുമരാമത്ത് വകുപ്പ് കോള്‍ സെന്റര്‍ സ്ഥാപിച്ചത്. കുറച്ചുനാള്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ജി.സുധാകരന്‍ മന്ത്രിയായി ചുമതലയേറ്റശേഷമാണ് ആവശ്യത്തിനു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും റോഡിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയറിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.