റയാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മരണം: പ്ലസ് ടു വിദ്യാര്‍ത്ഥി സിബിഐ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ റയാന്‍ സ്‌കൂളില്‍ ഏഴുവയസ്സുകാരന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തു. 2017 സെപ്തംബര്‍ എട്ടിന് റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പ്രത്യുമന്‍ താക്കൂര്‍ കൊലപ്പെട്ട സംഭവത്തിലാണ് ചൊവ്വാഴ്ച രാത്രി സി.ബി.ഐയുടെ നാടകീയ അറസ്റ്റ്.ദേശീയതലത്തില്‍ വരെ ചര്‍ച്ചയായ ഈ കൊലപാതകക്കേസില്‍ ഇത്രനാളും പ്രതിസ്ഥാനത്തുണ്ടായിരുന്നത് സ്‌കൂൾ ബസ് ജീവനക്കാരനായിരുന്ന അശോക് കുമാറാണ്.

കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രദ്യുമ്‌നന്റെ പിതാവ് വരുണ്‍ ചന്ദ്ര ഠാക്കൂര്‍ ഹര്‍ജി നല്‍കിയിരുന്നു. ബസ് ജീവനക്കാരും കുട്ടികളുടെ ശുചിമുറിയാണ് ഉപയോഗിച്ചിരുന്നത് എന്നതാണു പ്രധാന വീഴ്ചയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡ്രൈവറെ അറസ്റ്റ് ചെയ്തത്.ലൈംഗീകപീഡനം നടത്താന്‍ ശ്രമിക്കവേ അശോക് കുമാര്‍ കുട്ടിയെ കൊന്നെന്നായിരുന്നു പോലീസ് ഭാഷ്യം.

എന്നാല്‍ പോലീസ് കണ്ടെത്തല്‍ കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി അശോക് കുമാറിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ഇയാളെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചിലത്  മറച്ചു വെയ്ക്കുകയാണെന്ന ആരോപണവുമായി കുട്ടിയുടെ മാതാപിതാക്കളും രംഗത്തെത്തി.പോലീസ് പ്രതിയെ കണ്ടെത്തിയിട്ടും അത് അംഗീകരിക്കാതെ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഉറച്ച നിലപാടിനെ തുടര്‍ന്നാണ് ഹരിയാന ഭരിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്.