സ്വന്തം നഗ്നചിത്രങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയാല്‍ മാനം രക്ഷപ്പെടും എന്ന് ഫേസ്ബുക്ക് ; ശ്രമം ഒരു പുതിയ പരീക്ഷണത്തിന്
ഫേസ്ബുക്ക് വഴി മറ്റുള്ളവരെ പരിഹസിക്കുന്നതും അപഹാസ്യരാക്കുന്നതും രഹസ്യചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇപ്പോള്‍ സ്ഥിരം സംഭവം ആയി മാറിക്കഴിഞ്ഞു. പ്രണയബന്ധങ്ങള്‍ തകരുന്ന സമയമാണ് മുഖ്യമായും ഇത്തരത്തിലുള്ള പ്രതികാര പരിപാടികള്‍ അരങ്ങേറുന്നത്. ഇതിനു തങ്ങള്‍ക്ക് ധാരാളം പഴികള്‍ സ്ഥിരമായി കേള്‍ക്കുന്നത് കൊണ്ടാകും ഇത്തരം ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഒരു പുതിയ പരീക്ഷണവുമായി ഫേസ്ബുക്ക് രംഗത്ത് വന്നത്. സ്വന്തം നഗ്ന ഫോട്ടോ മെസഞ്ചര്‍ ആപ്പ് വഴി തങ്ങൾക്ക് തന്നെ അയക്കാനാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. ഇതിലൂടെ ഫെയ്‌സ്ബുക്കിന് ഒരു ഡിജിറ്റര്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും സമ്മതപത്രമില്ലാതെ വ്യക്തിയുടെ നഗ്ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും ഫെയ്സ്ബുക്ക് അവകാശപ്പെടുന്നു.
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ഇത്തരത്തിലുളള തന്ത്രമൊരുക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി ഫെയ്‌സ്ബുക്ക് നിലവില്‍ കൈകോര്‍ത്തിട്ടുണ്ട്. പുതിയ തന്ത്രം എല്ലാവര്‍ക്കും പ്രയോഗികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്‌സ്ബുക്ക്. മുന്‍ കമിതാക്കളും മറ്റ് സുഹൃത്തുക്കളും ബന്ധം വഷളാകുമ്പോൾ നഗ്ന ദൃശ്യങ്ങള്‍ പ്രതികാരത്തോടെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിപ്പിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ കണ്ടെത്തല്‍.