ഇത്തവണ ഹീറോ ശരിക്കും ഞെട്ടിച്ചു; ഹരം കൊള്ളിക്കുന്ന ലുക്കില്‍ പുതിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ മോട്ടോഴ്സ്
വാഹന ലോകത്തെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് കാഴ്ചവെച്ച പുതിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ കോണ്‍സെപ്റ്റ് എക്‌സ്പള്‍സാണ് (Xpulse) വാഹന പ്രേമികള്‍ക്കിടയിലെ പുതിയ ചര്‍ച്ചാവിഷയം. ഉയര്‍ന്ന എഞ്ചിന്‍ ശ്രേണിയിലേക്കുള്ള ഹീറോയുടെ ചുവട് വെയ്പാണ് പുതിയ എക്‌സ്പള്‍സ.
മിലാനില്‍ നടക്കുന്ന 2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ അവതരിപ്പിച്ച എക്‌സ്പള്‍സ് രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുകയാണ്. അടുത്തിടെ അരങ്ങേറിയ റെയ്ഡ് ദി ഹിമാലയ റാലിയില്‍ പുതിയ അഡ്വഞ്ചര്‍ ബൈക്കിനെ ഹീറോ പരീക്ഷിച്ചിരുന്നു.
ഓഫ് റോഡ് ടയറുകള്‍, നീളമേറിയ സസ്‌പെന്‍ഷന്‍ ട്രാവല്‍, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക്, എബിഎസിനൊപ്പുള്ള ഡിസ്‌ക് ബ്രേക്ക്, പാനിയറുകള്‍, എഞ്ചിന്‍ കവര്‍, ക്രാഷ് ഗാര്‍ഡുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിങ്ങനെ നീളുന്നതാണ് എക്‌സ്പള്‍സിന്റെ വിശേഷങ്ങള്‍.
എഞ്ചിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും ഹീറോ പുറത്ത് വിട്ടിട്ടില്ല.
എന്നാല്‍ 19.7 bhp കരുത്തും 18 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനാകും എക്‌സ്പള്‍സില്‍ ഇടംപിടിക്കുകയെന്ന് റെയ്ഡ് ദി ഹിമാലയയില്‍ പങ്കെടുത്ത അഡ്വഞ്ചര്‍ ബൈക്ക് സൂചന നല്‍കുന്നു.