ഹിമാചല്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് തുടങ്ങി; 68 മണ്ഡലങ്ങളിലായി ജനവിധി തേടി 337 സ്ഥാനാര്‍ഥികള്‍

ഷിംല:ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി.68 മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. സ്ഥാനാര്‍ഥിമാരില്‍ 62 എം.എല്‍.എമാരുമുണ്ട്. മുഖ്യമന്ത്രി വീരഭദ്ര സിങ്, പത്തു മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ജഗത് സിങ് നേഗി, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ തുടങ്ങിയവര്‍ മല്‍സര രംഗത്തുണ്ട്.

വീരഭദ്ര സിങ് നയിക്കുന്ന കോണ്‍ഗ്രസും ധുമല്‍ നയിക്കുന്ന ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും,42 സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിഎസ്പിയും പോരാട്ടത്തിനുണ്ട്. സി.പി.എം 14 സീറ്റുകളിലും മല്‍സരിക്കുന്നു. ഇതില്‍ ഷിംല (അര്‍ബന്‍), തിയോഗ് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കു ശക്തമായ സ്വാധീനമുണ്ട്. ഇവിടെ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്. ഇടതു മുന്നണിയുടെ ഭാഗമായി മൂന്നിടങ്ങളില്‍ സി.പി.ഐയും മത്സര രംഗത്തുണ്ട്.മുന്നണി രണ്ടിടത്തു സ്വതന്ത്രര്‍ക്കു പിന്തുണ നല്‍കുന്നു. വലിയ അവകാശവാദങ്ങളില്ലെങ്കിലും ഇക്കുറി നിയമസഭയില്‍ ഇടംപിടിക്കാനാകുമെന്നാണു പാര്‍ട്ടിയുടെ പ്രതീക്ഷ. 1993-ല്‍ ആണ് അവസാനമായി ഹിമാചല്‍ നിയമസഭയില്‍ സി.പി.എം സാന്നിധ്യമറിയിച്ചത്.

12 ദിവസത്തെ പ്രചാരണത്തിനിടെ 450-ല്‍ ഏറെ തിരഞ്ഞെടുപ്പു റാലികളുള്‍പ്പടെ വമ്പന്‍ പ്രചാരണ പരിപാടികളുമായാണ് കോണ്‍ഗ്രസ്സും ബി.ജെ.പിയും തെരഞ്ഞെടുപ്പിനൊരുങ്ങിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പ്രചാരണത്തിനിറങ്ങിയതു വോട്ടെടുപ്പില്‍ മുതലാക്കാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടികള്‍.