അവരെ അവഗണിക്കാതിരുന്നതിന് ‘എ ബിഗ് സല്യൂട്ട് ഫോര്‍ കോഹ്ലി’; വീഡിയോ വൈറല്‍
തലസ്ഥാനത്ത് വിരുന്നെത്തിയ ടി-20 ക്രിക്കറ്റ് മത്സരത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ക്വേരളത്തിന്റെ ആരാധകരെ ശരിക്കും പിടിച്ച മട്ടാണ്. മഴ ഉയര്‍ത്തിയ പ്രതിസന്ധിപോലും മറികടന്ന് മത്സരം കാണാനെത്തിയ ആരധകരോട് മത്സര ശേഷം നന്ദി പറയാനും ഇന്ത്യന്‍ നായകന്‍ കോഹ്ലി മറന്നില്ല. മഴയത്തും കളികാണാന്‍ കാത്തിരുന്ന ആരാധകര്‍ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് ടീം ക്യാപ്റ്റന്‍ വീരാട് കോഹ്ലി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ, മത്സരത്തിനായെത്തിയ കോഹ്ലിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ താനടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ കാണാനെത്തിയ ഒരു കൂട്ടം ഭിന്നശേഷിക്കാരായ കുട്ടികളെ അവഗണിക്കാതെ അവരോടൊപ്പം ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്ത കോഹ്ലിയുടെ വീഡീയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും ഇന്ത്യന്‍ താരങ്ങളെ വരവേല്‍ക്കാനായി ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം കാത്തുനിന്നിരുന്നു. ഇന്ത്യന്‍ ടീം കോച്ച് രവിശാസ്ത്രിയാണ് വാഹനത്തില്‍നിന്നും ആദ്യം പുറത്തേക്കെത്തിയത്. അദ്ദേഹം കുട്ടികളെ ശ്രദ്ധിക്കാതെ പെട്ടെന്ന് കടന്നുപോയി.
എന്നാല്‍, പിന്നാലെയെത്തിയ കോഹ്ലി അവരെ കണ്ടതും നിന്നു. അതില്‍ ഒരു കുട്ടി കോഹ്ലിയുടെ ഓട്ടോഗ്രാഫിനായി കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. കോഹ്ലി ഉടന്‍തന്നെ ഓട്ടോഗ്രാഫ് നല്‍കി. അതിനുശേഷം മറ്റൊരു കുട്ടിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന ബ്രൗഷര്‍ വാങ്ങി അതില്‍ ഓട്ടോഗ്രാഫ് കൊടുത്തു. അതിനുശേഷം അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്കെല്ലാം കൈ കൊടുത്തു. കുട്ടികള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്തു.
പിന്നാലെ വന്ന മറ്റ് താരങ്ങളും കൊഹ്ലിക്കൊപ്പം ചേര്‍ന്ന് കുട്ടികള്‍ക്ക് ആശംസ നേരുകയും,ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തതോടെ കാണികള്‍ക്കും ആവേശമായി. എന്തായാലും കളിക്കളത്തില്‍ അഗ്രസീവായ ക്യാപ്റ്റന്‍ കോഹ്ലി ഇത്രക്ക് സിംപിളാണോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.