ട്വന്റി-20യില്‍ ഒരു റണ്‍സുപോലും വഴങ്ങാതെ 10 വിക്കറ്റും സ്വന്തമാക്കി ഇന്ത്യന്‍ താരത്തിന്റെ വിസ്മയ നേട്ടം; ലോക ക്രിക്കറ്റില്‍ ആദ്യം

ജയ്പൂര്‍: പ്രാദേശിക ട്വന്റി-20 ക്രിക്കറ്റില്‍ വിസ്മയ നേട്ടം കൊയ്ത് രാജസ്ഥാനില്‍നിന്നുള്ള ഇടംകൈയ്യന്‍ പേസര്‍ അക്ഷയ് ചൗധരി.ബോള്‍ ചെയ്ത നാല് ഓവറില്‍ ഒരു റണ്‍സുപോലും വഴങ്ങാതെ 10 വിക്കറ്റും വീഴ്ത്തിയാണ് അക്ഷയ് ചൗധരി ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. രാജസ്ഥാനിലെ പ്രാദേശിക ക്രിക്കറ്റ് മല്‍സരമായ ബവര്‍ സിങ് ടൂര്‍ണമെന്റില്‍ ദിശ ക്രിക്കറ്റ് അക്കാദമിക്കു വേണ്ടിയായിരുന്നു അക്ഷയ്യുടെ ഈ സ്വപ്ന തുല്യമായ പ്രകടനം. പേള്‍ അക്കാദമിയില്‍നിന്നുള്ള ടീമായിരുന്നു എതിരാളികള്‍.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ദിശ ക്രിക്കറ്റ് അക്കാദമി നിശ്ചിത 20 ഓവറില്‍ 156 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിറങ്ങിയ പേള്‍ അക്കാദമി ടീം അക്ഷരാര്‍ഥത്തില്‍ അക്ഷയ് ചൗധരിക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അക്ഷയ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാമത്തെയും മൂന്നാമത്തെയും ഓവറില്‍ രണ്ടു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയപ്പോള്‍ ആകെ ആറു വിക്കറ്റായി. നാലാം ഓവറില്‍ ഹാട്രിക് അടക്കം നാലു വിക്കറ്റുകള്‍ കൂടി വീഴ്ത്തി അക്ഷയ് വിക്കറ്റ് ശേഖരം 10 ആക്കി. റണ്‍സൊന്നും വഴങ്ങാതെയാണ് ഈ നേട്ടമെന്നത് ഇരട്ടിമധുരം കൂടിയായി. 2002-ല്‍ ജനിച്ച അക്ഷയ് ചൗധരി രാജസ്ഥാന്‍ – ഉത്തര്‍ പ്രദേശ് അതിര്‍ത്തി ജില്ലയായ ഭരത്പൂര്‍ സ്വദേശിയാണ്.