നടി നമിത വിവാഹിതയാകുന്നു; വരനൊപ്പം സര്‍പ്രൈസ് വീഡിയോയിലൂടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ട് താരം

തമിഴ് സിനിമ താരം നമിത വിവാഹിതയാകുന്നു. നവംബര്‍ 24-നാണ് വിവാഹം. വീര്‍ എന്ന വീരേന്ദറാണ് വരന്‍. ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ റൈസയുടെ ട്വിറ്റര്‍ പേജിലൂടെയാണ് വിവാഹക്കാര്യം നമിത ആരാധകരെ അറിയിച്ചത്. വീഡിയോയില്‍ നമിതയും വീറും തങ്ങള്‍ വിവാഹിതരാകുന്ന വിവരം ആരാധകരോട് അറിയിച്ചു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്ന് താരം പറഞ്ഞു.

വിജയ്കാന്തിന്റെ ‘എങ്കള്‍ അണ്ണാ’ എന്ന ചിത്രത്തിലൂടെയാണ് നമിത തമിഴ് സിനിമയിലേക്ക് എത്തിയത്. പിന്നീട് പല ചിത്രങ്ങളിലും നായികയായി വേഷമിട്ടു. നിരവധി മലയാളം സിനിമകളിലും നമിത അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിലാണ് നമിത അവസാനമായി വേഷമിട്ടത്. കമല്‍ഹാസന്‍ അവതാരകനായെത്തിയ ബിഗ്‌ബോസിലും മത്സരാര്‍ത്ഥിയായി നമിത എത്തിയിരുന്നു.

പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ ചിത്രം.