ബിരിയാണി ഉണ്ടാക്കുന്നതും രാജ്യ ദ്രോഹമോ;ജെഎന്‍യുവില്‍ ബിരിയാണി ഉണ്ടാക്കിയ വിദ്യാര്‍ഥികള്‍ക്ക് വന്‍ തുക പി‍ഴ; നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ദില്ലി: ക്യാമ്പസിനുള്ളിൽ ബിരിയാണി പാകം ചെയ്തതിന് ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്ക് പിഴ ശിക്ഷ. ദില്ലി ജെ.എൻ യു ക്യാമ്പസില്‍ ബിരിയാണി പാകം ചെയ്‌ത് കഴിച്ച നാല് വിദ്യാര്‍ഥികള്‍ക്കാണ് സര്‍വകാലാശാല അധികൃതര്‍ പിഴ ശിക്ഷ നല്‍കിയിരിക്കുന്നത്.

സര്‍വകലാശാല ചീഫ് പ്രൊക്‌ടര്‍, കൗശല്‍ കുമാറാണ് വിദ്യാര്‍ഥികള്‍ക്ക് ശിക്ഷ നല്‍കിയത്. ആറായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള തുക നാലുപേരും പിഴയടക്കണം.
അഡ്‌മിന്‍ ബ്ലോക്കിന്റെ പടികള്‍ക്കു സമീപമയിരുന്നു വിദ്യാര്‍ഥികള്‍ ബിരിയാണി പാകം ചെയ്‌തത്. മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം, പാകം ചെയ്‌ത ബിരിയാണി ക്യാമ്പസിലിരുന്ന് കഴിക്കുകയും ചെയ്‌തു.

സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിക്കുകയും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നും അച്ചടക്ക ലംഘനം ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുമാണ്‌ നടപടി എന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

വിദ്യാര്‍ഥികള്‍ ബിഫ് ബിരിയാണിയാണ് ഉണ്ടാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്.പത്ത് ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും എന്നും വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേ സമയം സര്‍വ്വകലാശാലാ അധികൃതരുടെ നടപടിക്കെതിരെ സർവ്വകലാശായിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.