രാജിവയ്ക്കേണ്ട സാഹചര്യമില്ല;തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി നേതൃത്വം

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി സംസ്ഥാന നേതൃത്വം. തോമസ് ചാണ്ടി നിയം ലംഘനം നടത്തിയിട്ടില്ല, വിഷയത്തില്‍ കോടതിയുടെ തീരുമാനം വരട്ടെ. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നതിന്റെ പേരില്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും എന്‍സിപി സംസ്ഥാന നേതൃത്വം അറിയിച്ചു. കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥരും ഉത്തരവാദികളാണെന്നും എന്‍സിപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു.

കായല്‍ കൈയേറ്റം നടത്തിയെന്ന ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കുന്ന കാര്യം എന്‍.സി.പി തീരുമാനിക്കണമെന്ന് സി.പി.എം നേരത്തെ നിര്‍ദ്ദേശിച്ചിരിന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി എന്‍സിപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.

വിഷയത്തില്‍ കോട്ടയം വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണ പ്രഖ്യാപനവും ഹൈക്കോടതിയുടെ പരാമര്‍ശവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സി.പി.എം നിര്‍ബന്ധിതരായത്.