ജിഷയുടെ പിതാവ് മരിച്ച നിലയില്‍

കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികില്‍സയിലായിരുന്നു ഇയാള്‍. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വീടിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. 2016 ഏപ്രില്‍ 28 ന് രാത്രിയിലാണ് നിയമവിദ്യാര്‍ഥിനിയായ ജിഷ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ രാത്രി ജിഷയെ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തുകയായിരുന്നു.

തുടക്കത്തിലെ കേസിന്‍റെ ഗൗരവം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട ലോക്കല്‍ പൊലീസിന് ഏറെ പഴികേള്‍ക്കേണ്ടി വന്നു. സംഭവം വിവാദമായതോടെ അന്നത്ത് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രതിയെക്കുറിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ ഈ സംഘത്തിന് കഴിഞ്ഞില്ല. കൊലയ്ക്ക് പിന്നിലെ ഉത്തരവാദി എന്ന നിലയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വരെ ആരോപണം ഉയര്‍ന്നു. തൊട്ടു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വരെ കൊലപാതകം വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു.