ഡ്രൈവറില്ലാതെ ട്രെയിന്‍ എന്‍ജിന്‍ തനിയെ ഓടി; ബൈക്കില്‍ ചെയ്സ് ചെയ്ത് ട്രെയിന്‍ നിര്‍ത്തിയത് സ്റ്റേഷന്‍ മാസ്റ്റര്‍
ലോക്കോ പൈലറ്റില്ലാതെ 13 കിലോമീറ്ററോളം ഓടിയ ട്രെയിന്‍ എന്‍ജിന്‍ ജീവനക്കാര്‍ സാഹസികമായി ബൈക്കില്‍ പിന്തുടര്‍ന്ന് നിര്‍ത്തി. ദക്ഷിണ-മധ്യ റെയില്‍വേയുടെ കീഴിലെ കര്‍ണാടകയിലെ വാഡി ജംക്ഷനിലാണ് ട്രെയിന്‍ എന്‍ജിന്‍ തനിയെ ഓടിയത്.എതിരെ മറ്റു ട്രെയിനുകള്‍ വരാതിരിക്കാന്‍ നടപടി സ്വീകരിച്ചതു ദുരന്തം ഒഴിവാക്കി
ബുധനാഴ്ച മൂന്നു മണിയോടെ എത്തിയ ചെന്നൈ-മുംബൈ മെയിലിന്റെ (11028) ഇലക്ട്രിക് എന്‍ജിന്‍ മാറ്റി ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ ഡീസല്‍ എന്‍ജിന്‍ തനിയെ മുന്നോട്ടുനീങ്ങുകയായിരുന്നു. ലോക്കോ പൈലറ്റ് നോക്കി നില്‍ക്കെ എന്‍ജിന്‍ സ്റ്റേഷന്‍ വിട്ട് നല്‍വാര്‍ ഭാഗത്തേക്കു നീങ്ങിയതോടെ തൊട്ടടുത്ത സ്റ്റേഷനുകള്‍ക്കു വിവരം കൈമാറി. ഇതോടെ ഈ ഭാഗത്തേക്കുള്ള മറ്റ് ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി വച്ചു.
ഇതിനിടെ സ്റ്റേഷന്‍ മാസ്റ്ററും മറ്റൊരു ലോക്കോ പൈലറ്റും ബൈക്കില്‍ ട്രെയിന്‍ എന്‍ജിനെ പിന്തുടര്‍ന്നു. നല്‍വാറിനു സമീപമെത്തിയപ്പോള്‍ എന്‍ജിന്‍ അല്പം വേഗം കുറഞ്ഞതോടെ ലോക്കോ പൈലറ്റ് സാഹസികമായി അകത്തു കടന്ന് എന്‍ജിന്‍ നിര്‍ത്തുകയായിരുന്നു. 30 കിലോമീറ്ററോളം വേഗത്തിലായിരുന്ന എന്‍ജിന്‍ അതിനകം അരമണിക്കൂറോളം സഞ്ചരിച്ചിരുന്നു.