സൗദി രാജകുടുംബാഗങ്ങളുടെ അറസ്റ്റ് തുടരുന്നു ; രാജകുമാരിമാരെയും അറസ്റ്റ് ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകള്‍

സൗദി അറേബ്യയില്‍ രാജകുടുംബാംഗങ്ങള്‍ക്ക് നേരെയുള്ള നടപടി തുടരുന്നതിന്റെ ഇടയില്‍ ഒരു രാജകുമാരിയെക്കൂടി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ലോക സമ്പന്നരില്‍ ഒരാളും സൗദി അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത അല്‍വലീദ് ബിന്‍ തലാലിന്‍റെ മകള്‍ റീം രാജകുമാരിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തുവെന്ന് ഇറാനിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലെബനണിലുള്ള സൗദി പൗരന്മാരോട് രാജ്യംവിടാന്‍ സൗദി വിദേശകാര്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയ അതേ ദിവസം തന്നെയാണ് രാജകുമാരിയെ അറസ്റ്റ് ചെയ്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയിലെ അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത 11 രാജകുമാരന്മാരില്‍ ഒരാളായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍റെ മകളാണ് അറസ്റ്റിലായ റീം രാജകുമാരി. ട്വിറ്റര്‍, സിറ്റി ഗ്രൂപ്പ്, ആപ്പിള്‍, ന്യൂസ് കോര്‍പ്പ് എന്നിവയുള്‍പ്പെടെ വിവിധ ലോകോത്തര കമ്പനികളിലെ ഓഹരിയുടമയാണ്.

അറബ് ലോകത്തെ എല്ലാ സാറ്റലൈറ്റ് ചാനല്‍ ശൃംഖലകളുടെയും നിയന്ത്രണം അല്‍വലീദിന്‍റെ കൈകളിലാണുള്ളത്. ടൂറിസം, മാസ് മീഡിയ, എന്‍റര്‍ടെയ്ന്‍മെന്‍റ് , റീട്ടെയില്‍, പെട്രോ കെമിക്കല്‍, ഏവിയേഷന്‍, ടെക്നോളജി, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും അല്‍വലീദിന് നിക്ഷേപങ്ങളുണ്ട്. ബില്‍ഡര്‍ സ്ഥാപനമായ റെഡ് സീ ഇന്‍റര്‍നാഷണലിന്‍റെ ചെയര്‍മാന്‍ കൂടിയാണ് വലീദ്. പണം തട്ടിപ്പ്, കൈക്കൂലി, ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഭീഷണി, പൊതു ഫണ്ടുകള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചു ഇതുവരെ അറസ്റ്റിലായ വ്യക്തികള്‍ക്കെതിരെ മത്തിയിട്ടുള്ളത്. എന്നാല്‍ രാജകുമാരിയുടെ അറസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ടൈംസ് മാസിക അറേബ്യന്‍ വാരന്‍ബഫറ്റ് എന്ന് വിശേഷിപ്പിക്കുന്ന അല്‍വലീദ് സിറ്റി ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ ഓഹരിയുടമയാണ്. ഏറ്റവുമധികം ഹോട്ടലുകളുടെ ഉടമയായ അല്‍വലീദ് 21ാം നൂറ്റാണ്ടിലെ ഫോക്സ് വോട്ടിംഗില്‍ രണ്ടാമതെത്തിയിരുന്നു.