വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ ചിതറിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി

ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ തോലനൂര്‍ പേഴുംങ്കാട് തകരക്കുളമ്ബ് മാധവന്റെ മകന്‍ മനോജി(17) ന്റെ അസ്ഥികൂടമാണ് വനമേഖലയില്‍നിന്ന് കണ്ടെത്തിയത്. രണ്ടുമാസം മുമ്ബ് തിരുവോണദിവസത്തില്‍ വീട്ടില്‍ നിന്നും സഹോദരനുമായി പിണങ്ങി വീട് വിട്ടിറങ്ങിയതായിരുന്നു മനോജ്. വീട് വിട്ടിറങ്ങിയ മനോജിനെ കാണാനില്ലെന്നു കാണിച്ച് തൊട്ടടുത്ത ദിവസം തന്നെ കോട്ടായി പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസും വനപാലകരും നാട്ടുകാരും ചേര്‍ന്ന് ദിവസങ്ങളോളം തിരച്ചില്‍ നടത്തി. പോലീസ്‌നായയെയും ഉപയോഗിച്ചു. ഇപ്പോള്‍ അസ്ഥികൂടം കണ്ടെത്തിയതിന് 20 മീറ്റര്‍ അകലെ വരെ അന്ന് നായ എത്തിയെങ്കിലും കനത്തവനമേഖലയായതിനാല്‍ തിരിച്ചു പോരുകയായിരുന്നു.

അസ്ഥികൂടം ഉള്‍വനത്തില്‍ ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണോ കാട്ടുമൃഗങ്ങള്‍ ആക്രമിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്. അസ്ഥികൂടം കിടന്നിരുന്നത് വീട്ടില്‍ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള വനത്തിനുള്ളിലാണ്. അതിര്‍ത്തിക്കല്ലുകള്‍ കണ്ടെത്തുന്നതിനായി വനംവകുപ്പ് ജീവനക്കാരും തൊഴിലാളികളും വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇരുള്‍ മരത്തില്‍ ലുങ്കിയും മറ്റും കണ്ടതെന്ന് പോലീസ് പറഞ്ഞു.

പത്തു മീറ്ററിനുള്ളില്‍ മണ്ണില്‍ പല ഭാഗത്തായാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ധരിച്ചിരുന്ന ഷര്‍ട്ടും നിലത്തു കിടന്ന ചീപ്പും വീട്ടുകാര്‍ തിരിച്ചറിഞ്ഞു. കോട്ടായി എസ്.ഐ: സി.വി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആലത്തൂര്‍ സി.ഐ: കെ.എ. എലിസബത്ത്, സ്‌ക്വാഡ് അംഗങ്ങളായ രാമസ്വാമി, സുരേഷ്, കൃഷ്ണദാസ്, പ്രദീപ് എന്നിവര്‍ സ്ഥലത്തെത്തി. ഫോറസ്റ്റര്‍ അഭിലാഷ്, വനംജീവനക്കാരായ സന്തോഷ്, രമേഷ്, പരമന്‍, ശ്രീജിത്ത്, െഫെസല്‍ റഹ്മാന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. തൃശൂരില്‍ നിന്നെത്തിയ ഫോറന്‍സിക് അസിസ്റ്റന്റ് റിനി തോമസ് തെളിവുകള്‍ ശേഖരിച്ചു. അസ്ഥികൂടം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.