എന്നോടായിക്കോ മോളോട് വേണ്ടട്ടോ..; നീരസം പ്രകടിപ്പിച്ച് സണ്ണി ലിയോണ്‍

സണ്ണി ലിയോണിനെപ്പോലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത്രയും പ്രിയപ്പെട്ടൊരാള്‍ വേറെ ഉണ്ടാവില്ല. സണ്ണിക്കും അങ്ങനെതന്നെ. മിക്കപ്പോഴും ഗ്‌ളാമര്‍ വേഷങ്ങളില്‍ സിനിമകളിലെത്താറുള്ള സണ്ണി അല്ലാത്തപ്പോള്‍ ക്യാമറകണ്ണിലൂടെ ആരധകരിലേക്കെത്തി.

എന്നാല്‍, മകളുടെ കാര്യത്തില്‍ അങ്ങനെയല്ല. ഇത്തിരി കരുതല്‍ കൂടുതലുണ്ട് സണ്ണിക്ക്. ഫോട്ടോഗ്രാഫര്‍മാരുടെ സ്വത്തല്ല തന്റെ പ്രിയപ്പെട്ട ദത്തുമകള്‍ നിഷ വെബ്ബറെന്ന് ശക്തമായ ഭാഷയില്‍ തന്നെ സൂചിപ്പിച്ചിരിക്കുകയാണ് സണ്ണി. ഇന്ത്യ ഡോട്ട് കോം എന്ന വെബ്സൈറ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

മുംബൈയില്‍ ഈയിടെ നടന്ന സംഭവത്തിലൂടെയാണ് സണ്ണി നയം വ്യക്തമാക്കിയത്.മകള്‍ നിഷയ്ക്കും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ക്കുമൊപ്പം നടന്നുവരുന്ന സണ്ണിയെ ഫോട്ടോഗ്രാഫര്‍മാര്‍ വെറുതെ വിട്ടില്ല. എന്നാല്‍, ക്യാമറക്കണ്ണ് നീളുന്നത് ഒക്കത്തിരിക്കുന്ന മകള്‍ നിഷയിലേയ്ക്കാണെന്ന് കണ്ടതോടെ സണ്ണിയുടെ മട്ടുമാറി. ഉടനെ കൈ കൊണ്ട് മകളുടെ മുഖം പൊത്തി അവര്‍ ഫോട്ടോഗ്രാഫര്‍മാരോട് തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ചെറു പ്രായത്തില്‍ തന്നെ തന്റെ മകള്‍ളെ വാര്‍ത്തയുടെ വെള്ളിവെളിച്ചത്തിലെത്തിക്കേണ്ടെന്ന് പറയാതെ പറയുകയായിരുന്നു സണ്ണി.

സണ്ണിയും ഡാനിയല്‍ വെബ്ബറും ദത്തെടുത്തത് മുതല്‍ മാധ്യമങ്ങള്‍ നിഷ വെബ്ബറിന് പിറകെയായിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് ഇരുപത്തിമൂന്ന് മാസം മാത്രം പ്രായമുള്ളപ്പോള്‍ ഇവര്‍ നിഷയെ ദത്തെടുത്തത്. ഞങ്ങള്‍ നിഷയെയല്ല, നിഷ ഞങ്ങളെയാണ് തിരഞ്ഞെടുത്തത് എന്നായിരുന്നു സണ്ണി പറഞ്ഞിരുന്നത്.