69 ദിവസം കൊണ്ട് പത്തുലക്ഷം ഗര്‍ഭനിരോധന ഉറകള്‍ ; അതും ഓണ്‍ലൈന്‍ ആയി ; ഇന്ത്യാക്കാര്‍ ഇപ്പോള്‍ വേറെ ലെവല്‍ ആണ്
69 ദിവസങ്ങള്‍ കൊണ്ട് 10 ലക്ഷം ഗര്‍ഭ നിരോധന ഉറകള്‍ ഇന്ത്യക്കാര്‍ സൗജന്യമായി കൈപ്പറ്റി എന്നതാണ് വാര്‍ത്ത. മെഡിക്കല്‍ ഷോപ്പുകള്‍ വഴിയോ, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയോ അല്ല ഓണ്‍ലൈന്‍ വഴിയാണ് ഇത്രമാത്രം ഗര്‍ഭനിരോധന ഉറകള്‍ ചിലവായത്. ഏപ്രില്‍ 28ന് ആണ് എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ ഗര്‍ഭ നിരോധന ഉറകള്‍ക്കായി ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചത്. തുടര്‍ന്ന്‍ 69 ദിവസംകൊണ്ട് ഓണ്‍ലൈനിലൂടെ രാജ്യത്തെമ്പാടും സൗജന്യമായി വിതരണം ചെയ്യപ്പെട്ട ഗര്‍ഭനിരോധന ഉറകളുടെ എണ്ണം ഫൗണ്ടേഷന്‍ അധികൃതരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. 9.56 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തതില്‍ 5.14 ലക്ഷവും എത്തിയത് സന്നദ്ധ സംഘടനകളിലേക്കും സര്‍ക്കാര്‍ ഇതര ഏജന്‍സികളിലേക്കും ആണ്. എന്നാല്‍ 4.41 ലക്ഷം ഓര്‍ഡറുകള്‍ നടത്തിയത് വ്യക്തികള്‍ തന്നെ ആയിരുന്നു എന്നതാണ് പ്രതീക്ഷ പകരുന്ന വിവരം. ഡല്‍ഹി കര്‍ണാടകത്തിലും ആണ് ഈ സൗജന്യ ഗര്‍ഭ നിരോധന ഉറകള്‍ക്ക് ഏറ്റവും അധികം ആവശ്യക്കാര്‍ ഉള്ളത്.
സുരക്ഷിത ലൈംഗിക ബന്ധം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എയ്ഡ്‌സ് നിയന്ത്രണത്തിനായി ഏറെ പ്രചരണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമില്ലാത്ത സ്വീകാര്യതയാണ് ഗര്‍ഭനിരോധന ഉറകള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ലൈംഗിക കാര്യങ്ങളില്‍ ഏറെ ഒളിവുകള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ സ്വയം വെളിപ്പെടുത്താതെ ഇവ വാങ്ങാം എന്നതാണ് ഇതിനു കാരണമെന്നാണ് എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍നിന്നുള്ള കണക്കുകള്‍ നല്‍കുന്ന സൂചന. സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ആണ് എയ്ഡിസ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് വേണ്ടി ഗര്‍ഭ നിരോധ ഉറകള്‍ നിര്‍മിച്ച് നല്‍കുന്നത്. ആദ്യം ഓര്‍ഡര്‍ ചെയ്ത പത്ത് ലക്ഷം കോണ്ടങ്ങള്‍ ചെലവാകാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും എന്നായിരുന്നു ഫൗണ്ടേഷന്‍ കരുതിയിരുന്നത്. എന്നാല്‍ ഓണ്‍ലൈനിലെ ഇപ്പോഴത്തെ പ്രതികരണം കണ്ട് അവര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്. നവംബര്‍ അവസാനവാരത്തോടെ പുതിയതായി 20 ലക്ഷം ഉറകള്‍ കൂടി എത്തുമെന്നാണ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ ഡയറക്ടര്‍ ഡോ വി സാം പ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്.
ജനുവരിയിലേക്ക് അമ്പത് ലക്ഷം ഉറകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് ഇന്ത്യക്കാരുടെ നാണത്തിലേക്ക് തന്നെയാണ്. മെഡിക്കൽ ഷോപ്പില്‍ നിന്നോ, പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നോ നേരിട്ട് പോയി ഗര്‍ഭനിരേധന ഉറ വാങ്ങുന്നതില്‍ ഉള്ള അനാവശ്യമായ നാണക്കേട് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് വാങ്ങുമ്പോള്‍ ഇല്ല. അതുകൊണ്ട് തന്നെയാണ് 69 ദിവസങ്ങള്‍ കൊണ്ട് പത്ത് ലക്ഷത്തോളം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെട്ടത്. ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളില്‍ 30 ശതമാനമാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗമെങ്കില്‍, ഇന്ത്യയില്‍ അത് അഞ്ചു ശതമാനം മാത്രമാണ്.