വിജയവാഡയില്‍ ബോട്ടപകടം ; 26 മരണം

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ബോട്ട്മുങ്ങി 26 പേർ മരിച്ചെന്ന് സംശയം. കൃഷ്ണനദിയിലെ പവിത്ര സംഗമം തീരത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഡിജിപി സാംഭ ശിവ വ്യക്തമാക്കി. 38 പേരുമായി യാത്ര ചെയ്ത ബോട്ടാണ് അപകടത്തിൽപെട്ടത്. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. മത്സ്യതൊഴിലാളികൾ 12 പേരെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. ബോട്ടിൽ താങ്ങാവുന്നതിലും കൂടുതൽ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പ്രകാശം ജില്ലയിലുള്ളവരാണ് അപകടത്തിൽപെട്ടതെന്നാണ് സൂചന. ഭവാനി ദ്വീപിൽ നിന്നും പവിത്ര സംഗമ സ്ഥലത്തേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപടത്തിൽ‌പെട്ടത്. ദൈന്യംദിന ചടങ്ങായ പവിത്ര ഹരാതി സന്ദർശിക്കാൻ ദിവസവും പത്തായിരത്തോളം വിനോദസഞ്ചാരികലാണ് എത്തുന്നത്. കൃഷ്ണ നദിയിലെ ഏറ്റവും ആഴമുള്ള സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്ത് ജില്ലാ കലക്ടർ ബി ലക്ഷ്മികാന്തൻ എത്തിയിട്ടുണ്ട്. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നിർദേശം നൽകിയി. സ്വകാര്യ ഏജൻസിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപെട്ടത്.