മണ്ണുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞ് മൂന്നു നില കെട്ടിടം
റോഡ് വീതി കൂട്ടല്‍ പണിനടക്കുന്നതിനിടെ ഗുണ്ടൂരില്‍ നരസിംഹ റാവുവെന്ന ആളുടെ ഉടമസ്ഥതയിലുള്ള മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. ആന്ധ്രയിലെ ഗൂണ്ടൂരില്‍ നന്ദിവേലുഗു റോഡില്‍ സെക്കന്റുകള്‍ കൊണ്ടാണ് മൂന്ന് നില കെട്ടിടം നിലം പൊത്തിയത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ വന്‍ ദുരന്തം ഒഴിവായി.
റോഡിന്റെ വീതി 60 അടിയില്‍ നിന്നും 120 അടിയാക്കാനുള്ള പണികളാണ് ഇവിടെ പുരോഗമിക്കുന്നത്. കൈയേറ്റം ഒഴിപ്പിച്ച് റോഡ് വീതി കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയാണ് ഗുണ്ടൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ആരംഭിച്ചത്. റോഡ് കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്ന് അധികൃതര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൈയേറി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗം മാത്രം പൊളിച്ച് മാറ്റി ശേഷിക്കുന്ന ഭാഗത്ത് നരസിംഹ റാവു കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.
പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള ഒറ്റനില കെട്ടിടത്തില്‍ രണ്ട് നിലകള്‍ കൂടി കൂട്ടിയെടുത്തു. എന്നാല്‍ റോഡ് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ കെട്ടിടം നിലം പതിഞ്ഞു. അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കെട്ടിടം തകരാന്‍ ഇടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം.