ജ്യൂറി പോലും അറിയാതെ സെക്സി ദുര്‍ഗ്ഗയെ ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ നിന്നും പുറത്താക്കി ; പിന്നില്‍ കേന്ദ്രസര്‍ക്കാരും സ്മൃതി ഇറാനിയും
ഗോവയില്‍ നടക്കാനിരിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്ന് മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ്ഗയെ പുറത്താക്കി. സ്മൃതി ഇറാനി കൈയാളുന്ന കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം ഇടപെട്ടാണ് ചിത്രത്തെ ഒഴിവാക്കിയത്. സെക്‌സി ദുര്‍ഗ എന്ന ചിത്രം നേരത്തെ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടു എസ് ദുര്‍ഗ്ഗ എന്നാക്കി മാറ്റിയിരുന്നു. ഇതുകൂടാതെ മറാത്തി ചിത്രമായ ന്യൂഡിനെയും പുറത്താക്കിയിട്ടുണ്ട് ഇപ്പോള്‍. ജ്യൂറി ചെയര്‍മാന്‍ പോലും അറിയാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു ഈ രണ്ടു ചിത്രങ്ങളെയും പുറത്താക്കിയത്. ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ട വിവരം താന്‍ അറിഞ്ഞില്ലെന്നും ഈ സംഭവത്തിലുള്ള നീരസം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ജൂറി അംഗമായ തിരക്കഥാകൃത്ത് അപൂര്‍വ അസ്രാനി പറഞ്ഞു.
നഗ്‌ന മോഡലുകളായി ഉപജീവനം നടത്തുന്ന സ്ത്രീകളുടെ കഥയാണ് മറാഠി ചിത്രമായ ന്യൂഡ് പറയുന്നത്. ന്യൂഡിനെയായിരുന്നു ഉദ്ഘാടന ചിത്രമായി ജൂറി കണ്ടുവച്ചിരുന്നത്. രണ്ട് ചിത്രങ്ങളും ചലച്ചിത്രമേളയിലെ ഇന്ത്യ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നതായിരുന്നു. ഇവയടക്കം 24 ചിത്രങ്ങളാണ് പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്തത്. ഇതിനു പകരമായി ബോളിവുഡ് ചിത്രങ്ങളായ ജോളി എല്‍. എല്‍.ബി, ന്യൂട്ടണ്‍, ബാഹുബലി 2, വെന്റിലേറ്റര്‍ എന്നീ ചിത്രങ്ങളും ഉണ്ട് . മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമാണ് മലയാളത്തില്‍ നിന്നുള്ള ഏക ചിത്രം.