പാലൂട്ടുന്ന അമ്മയെയും കൈകുഞ്ഞിന്നെയും ഇരുത്തി കാര്‍ കെട്ടിവലിച്ച പോലീസുകാരന് സസ്പെന്‍ഷന്‍
മുംബൈ മാലാഡിലെ എസ് വി റോഡില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ കാര്‍ നഗരത്തിലൂടെ കെട്ടിവലിച്ച പോലീസുദ്യോഗസ്ഥനായ ശശാങ്ക് റാണയെ സസ്പെന്‍ഡ് ചെയ്തു. കാറിനുള്ളില്‍ അമ്മ കുഞ്ഞിന് പാലു കൊടുത്തു കൊണ്ടിരിക്കെയാണ് ഗതാഗത നിയമം ലംഘിച്ചുവെന്നാരോപിച്ച് കാര്‍ പോലീസ് കെട്ടി വലിച്ച് കൊണ്ടു പോയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറല്‍ ആയതോടെ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും തുടര്‍ന്ന് പോലീസുദ്യോഹഗസ്ഥനായ ശശാങ്ക് റാണെയ്ക്കെതിരെ പോലീസ് നേതൃത്വം നടപടിയെടുക്കുകയായിരുന്നു.
വിഡിയോയില്‍ കാറിനുള്ളിലെ സ്ത്രീ ‘ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയാണ്. എന്റെ കുഞ്ഞിന് സുഖമില്ല. ഈ കാര്‍ കെട്ടി വലിക്കുന്നത് നിര്‍ത്താന്‍ നിങ്ങള്‍ പോലീസിനോട് പറയൂ’ എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കാം. സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പോലീസിനെ ചോദ്യം ചെയ്യുന്നതും വിഡിയോയില്‍ വ്യക്തമാണ്.
കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങിവരുന്ന വഴിയാണ് തന്നോട് പോലീസ് ഇങ്ങനെ പെരുമാറിയതെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നുണ്ട്. നിയമം തെറ്റിച്ച മറ്റ് വാഹനങ്ങളുണ്ടായിട്ടും തന്നോടും കുഞ്ഞിനോടും പോലീസ് ക്രൂരമായി പെരുമാറുന്നുവെന്ന് സ്ത്രീ പറയുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
നോ പാര്‍ക്കിങ് മേഖലയില്‍ കാര്‍ നിര്‍ത്തിയിട്ടതിനാണ് പോലീസ് ഇത്തരത്തില്‍ കാര്‍ കെട്ടി വലിച്ചു കൊണ്ടു പോവുന്നത്. ചലാന്‍ നല്‍കി പിഴ അടപ്പിക്കാനുള്ള വ്യവസ്ഥ നിലനില്‍ക്കെ പാലൂട്ടുന്ന അമ്മയെയും കുഞ്ഞിനെയും കെട്ടി വലിച്ചു കൊണ്ടു പേവേണ്ട അടിയന്തിര സാഹചര്യം പോലീസ് കൈക്കൊണ്ടത് എന്തിനാണ് എന്ന ചോദ്യം പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
കുട്ടിയുടെയും അമ്മയുടെയും ജീവന് വിലകല്‍പിക്കാത്ത രീതിയില്‍ പോലീസ് പെരുമാറിയെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനാലാണ് നടപടിയെന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് അമിതേഷ് കുമാര്‍ വ്യക്തമാക്കി. യൂണിഫോമില്‍ പേര് വെളിപ്പെടുത്തുന്ന നെയിം പ്ലേറ്റ് പോലും ധരിക്കാതെയാണ് പോലീസ് നിയമ പാലത്തിനിറങ്ങിയത്.ഇത് പോലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതും സസ്പെന്‍ഷനിലേക്ക് നയിച്ച ഒരു ഘടകമാണ്.