ബിജെപി നേതാവിന്റെ നിയമ ലംഘനം ചോദ്യം ചെയ്ത ദളിത് യുവാക്കളെ മലിനജലത്തില്‍ മുക്കി ക്ഷമ പറയിച്ചു;തങ്ങളുടെ നേതാവല്ലെന്ന് ബിജെപി

നിസാമബാദ്: ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ നടന്ന അനധികൃത മണല്‍ ഖനന പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത ദളിത് യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. തെലങ്കാന നിസാമാബാദ് ജില്ലയിലാണ് സംഭവം. ബി.ജെ.പി നേതാവും മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ നടന്ന മണല്‍ ഖനനം നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയതിനാണ് ദളിത് യുവാക്കളായ കോണ്‍ട്ര ലക്ഷ്മണ്‍, രാജേശ്വര്‍ എന്നിവരെ ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

ദളിതരില്‍ ഒരാള്‍ മുട്ടുകുത്തി നേതാവിനോട് ദയ യാചിക്കുന്നു. മറ്റേയാല്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിക്കുകയാണ്.വടി ഉയര്‍ത്തി വെള്ളത്തില്‍ മുങ്ങിനിവരാനാണ് നേതാവ് അസഭ്യത്തിന്റെ അകമ്പടിയോടെ ആക്രോശിക്കുന്നത്.തങ്ങളുടെ വസ്ത്രങ്ങളും ഫോണുമൊക്കെ നനയുമെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും നേതാവ് അതൊന്നും ചെവിക്കൊള്ളുന്നില്ല.നേതാവിന്റെ അനുയായികളിലൊരാളാണ് വീഡിയോ ഷൂട്ടി ചെയ്തത്.

ബി,ജെ,പി നേതാവ് ഉള്‍പ്പെട്ട അനധികൃത മണല്‍ ഖനനം ചോദ്യം ചെയ്യാന്‍ ഭരത് റെഡ്ഡി സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തിയപ്പോഴാണ് സംഭവമുണ്ടായതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ മാസം ദസറ ആഘോഷങ്ങള്‍ക്കിടെയാണ് സംഭവമുണ്ടായതെന്ന് നവിപേട്ട് പൊലീസ് അറിയിച്ചു.പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, ദളിത് സംഘടനകള്‍ പീഡനത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തി രംഗത്തെത്തി. ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.എന്നാല്‍ വീഡിയോയില്‍ കാണുന്ന വ്യക്തി തങ്ങളുടെ പാര്‍ട്ടി അംഗമാണെന്ന ആരോപണം ബി.ജെ.പി നിഷേധിച്ചു.