ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ വന്‍ ഭൂചലനം: 135 മരണം; 860പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ടെഹ്‌റാന്‍: ഇറാന്‍ – ഇറാഖ് അതിര്‍ത്തിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 135 ആയി. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാഖിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ആഘാതം മധ്യപൂര്‍വേഷ്യയിലും പ്രകടമായി. കുവൈത്ത്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യയില്‍ മാത്രം 129 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാഖില്‍ ആറു പേരാണ് മരിച്ചത്. 860 പരുക്കേറ്റതായായി ഇറാന്റെ ഓദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ അറിയിച്ചു. അതേസമയം, പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇറാഖ് അതിര്‍ത്തിയില്‍നിന്ന് 15 കിലോമീറ്റര്‍ മാറിയുള്ള സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമര്‍ജന്‍സി സര്‍വീസസ് മേധാവി പിര്‍ ഹുസൈന്‍ കൂലിവന്‍ഡ് അറിയിച്ചു. കുറഞ്ഞത് എട്ടു ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇറാനിലെ റെഡ് ക്രസെന്റ് സംഘടനയുടെ മേധാവി മോര്‍ടെസ്സ സലിം ഔദ്യോഗിക ടെലിവിഷനായ ഐ.ആര്‍.ഐ.എന്‍എന്നിനോട് അറിയിച്ചു. ചില ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷന്‍ സംവിധാനവും തകര്‍ന്നിട്ടുമുണ്ട്.പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയാണ്.