ചാനലുകളിലെ അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കേണ്ടെന്ന് ഫിലിം ചേംബര്‍; നടക്കില്ലെന്ന് ‘അമ്മ’ ഒടുവില്‍ ബഹളത്തില്‍ മുങ്ങി യോഗം പിരിഞ്ഞു

കൊച്ചി: അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗം ബഹളങ്ങള്‍ക്കിടയില്‍ തീരുമാനമാകാതെ പിരിഞ്ഞു. നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രതിനിധികള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച അലസിയത്. ഏറെ ബഹളങ്ങള്‍ക്കു ശേഷം വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു.

രാവിലെ പത്തോടെ ആരംഭിച്ച ചര്‍ച്ച തുടക്കം മുതല്‍ കലുഷിതമായിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മയില്‍ അംഗങ്ങളായിട്ടുള്ള താരങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബര്‍ മുന്നോട്ടു വച്ച ആവശ്യം. എന്നാല്‍, ഈ ആവശ്യത്തെ അമ്മ പ്രതിനിധികളായെത്തിയ ഇന്നസെന്റ്, ഗണേശ്കുമാര്‍, ഇടവേള ബാബു തുടങ്ങിയവര്‍ എതിര്‍ത്തതോടെ ചര്‍ച്ച ബഹളത്തിലേക്ക് നീങ്ങി. ഇന്നസെന്റും ഗണേശ്കുമാറും നിലപാടറിയിച്ച ശേഷം ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ മടങ്ങി.

ഫിലിം ചേംബറിന്റെ ഇപ്പോഴത്തെ ഭാരവാഹികളെല്ലാം പുതുമുഖങ്ങളായതിനാല്‍ മറ്റ് സംഘടനകളിലെ അംഗങ്ങളെ പരിചയപ്പെടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്നായിരുന്നു ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞത്.