ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കികൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നു രണ്ടു വര്‍ഷമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കിയത്. ദേവസ്വം ആക്ട് സംബന്ധിച്ച ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്.

ശബരിമല മണ്ഡല, മകരവിളക്ക് സീസണ്‍ തുടങ്ങാന്‍ നാലു ദിവസം മാത്രം ശേഷിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തെയും പുറത്താക്കികൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നു ബി.ജെ.പിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു.

ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണു തീരുമാനിച്ചത്. ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍ എന്നിവര്‍ രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ ആയിരുന്നു 1950ലെ തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് നോമിനികളായ പ്രയാറും അജയ് തറയിലും ഒരേ ദിവസമാണു ചുമതലയേറ്റത്. അതേസമയം സി.പി.എം നോമിനിയും എം.എല്‍.എമാരുടെ പ്രതിനിധിയുമായ കെ. രാഘവന്‍ ബോര്‍ഡ് അംഗമായിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ.