തോമസ് ചാണ്ടിയുടെ രാജിക്കാര്യം നാളത്തെ സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യില്ല;രാജി പരമാവധി നീട്ടാനുള്ള തന്ത്രങ്ങളുമായി തോമസ് ചാണ്ടി
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും,നാളെ ചേരുന്ന എന്‍.സി.പി സംസ്ഥാന സമിതി യോഗത്തില്‍ ചാണ്ടിയുടെ രാജി സംബന്ധിച്ച് ചര്‍ച്ചകളൊന്നും ഉണ്ടാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്‍.പി.പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. നാളെ ചേരുന്ന യോഗം സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഒരു മാസം മുന്‍പേ നിശ്ചയിച്ചതാണ്. യോഗത്തിന്റെ അജന്‍ഡയില്‍ മന്ത്രിയുടെ രാജിക്കാര്യം വരില്ല, പക്ഷേ വേണമെങ്കില്‍ വിഷയം ചര്‍ച്ചചെയ്യും. എന്നാല്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വമായിരിക്കും എടുക്കുകയെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടില്ല.
രാജിക്കാര്യം എന്‍.സി.പി തീരുമാനിച്ച് തന്നെ അറിയിക്കട്ടെ എന്ന് ഇടതുമുന്നണിയോഗത്തില്‍ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതോടെ,ഇടതുമുന്നണിയിലുണ്ടായ ധാരണകളെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനുള്ള ശ്രമമാണ് തോമസ് ചാണ്ടി പക്ഷം ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ നാളെ നടക്കുന്ന യോഗത്തില്‍ എ.കെ.ശശീന്ദ്രന്‍ പക്ഷം രാജിയ്ക്കായി ചാണ്ടിയുടെ രാജിയ്ക്കായി മുറവിളി കൂട്ടിയാലും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം എടുക്കട്ടേ എന്ന നിലപാടാവും തോമസ് ചാണ്ടിയെ അനുകൂലിക്കുന്നവര്‍ സ്വീകരിക്കുക. രാജി പരമാവധി നീട്ടുക എന്ന തന്ത്രമാണ് തോമസ് ചാണ്ടി ഇപ്പോള്‍ പയറ്റുന്നത്. ഇതിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്നും കടുത്ത പരാമര്‍ശങ്ങളില്ലാതെ തടി രക്ഷപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
വിഷയത്തില്‍ എന്‍.സി.പി എന്ത് നിലപാട് സ്വീകരിച്ചാലും തോമസ് ചാണ്ടി രാജിവച്ചേ മതിയാവൂ എന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ. അഴിമതിവിരുദ്ധ നിലപാട് ഉയര്‍ത്തിപിടിച്ച് സി.പി.ഐ രാജിയ്ക്കായി വാദിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനും പരിമിതിയുണ്ട്.
തോമസ് ചാണ്ടിയ്ക്കെതിരായ പല നിര്‍ണായക കേസുകളും ചൊവ്വാഴ്ച്ച ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുവെന്നതാണ് മറ്റൊരു കാര്യം. കേസുകള്‍ കൈകാര്യം ചെയ്യാന്‍ സുപ്രീംകോടതിയില്‍ നിന്നുള്ള സീനിയര്‍ അഭിഭാഷകരെ തന്നെ തോമസ് ചാണ്ടി രംഗത്തിറക്കിയിട്ടുണ്ട്. എങ്കിലും ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് തോമസ് ചാണ്ടിയ്ക്ക് വലിയ കുരുക്കായി അവശേഷിക്കുന്നു. നാളെ ഹൈക്കോടതിയില്‍ നിന്നും പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ പിന്നെ മുഖ്യമന്ത്രി തന്നെ തോമസ് ചാണ്ടിയോട് രാജിയോട് ആവശ്യപ്പെട്ടേക്കാനും സാധ്യതയുണ്ട്.