ഏത് കൈ ആര്‍ക്ക് നേരെ നീട്ടണമെന്നറിയാതെ ട്രംപ്; ഷെയ്ക്ഹാന്‍ഡ് ചെയ്യാനറിയില്ലേ പ്രസിഡന്റെ, ട്രംപിനെ ട്രോളി സോഷ്യല്‍ മീഡിയ

മനില (ഫിലിപ്പൈന്‍സ്): കുറച്ചുദിവസമായി വാര്‍ത്തകളില്‍ നിറ സാന്നിധ്യമായിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ബര്‍ഗര്‍ കഴിച്ച റെസ്റ്റോറന്റിന്റെ ഉടമയെ പ്രശസ്തനാക്കിയും ഒപ്പം ഗോള്‍ഫ് കളിച്ച ജാപ്പനീസ് പ്രസിഡന്റ് ഷിന്‍സോ ആബേയെ കളിയിക്കിടെ വീണപ്പോള്‍ താങ്ങിപ്പിടിച്ചുമൊക്കെ വാര്‍ത്തകളില്‍ ശരിക്കും താരമായി നിന്ന ട്രംപിന് പക്ഷെ ഇക്കുറിഅടിതെറ്റി. ആസിയാന്‍ ഉച്ചകോടിക്കിടെ ഷെയ്ക്ഹാന്‍ഡില്‍ കുടുങ്ങിയ ട്രംപിന്റെ അബദ്ധമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ
ചര്‍ച്ച.

ലോകനേതാക്കളെല്ലാവരും കൂടി സംഘമായി ഹസ്തദാനം ചെയ്യുന്നതിനിടെയാണ് ഏത് കൈ ആര്‍ക്ക് നേരെ നീട്ടണമെന്നറിയാതെ ട്രംപ് കുഴങ്ങിയത്. ആ നിമിഷം കൃത്യമായി ക്യാമറയില്‍ പതിയുകയു ചെയ്തു. വരിയും നിരയും തെറ്റിച്ച ട്രംപിന്റെ മുഖത്താകട്ടെ അതിന്റെ പരിഭ്രമം എല്ലാത്തരത്തിലും ദൃശ്യമായിരുന്നു താനും!കൈകള്‍ രണ്ടും വിപരീത ദിശകളിലേക്ക് നീട്ടേണ്ടതിന് പകരം ഒരേ ദിശയില്‍ നീട്ടിയതാണ് ട്രംപിന് പണിയായത്. സെക്കന്റുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കൃത്യമായി ഹസ്തദാനം ചെയ്തെങ്കിലും ഇത്ര ലളിതമായ കാര്യം പോലും കൃത്യമായി ചെയ്യാന്‍ കഴിയാഞ്ഞതിന് ട്രംപിനെ ട്രോളുകള്‍കൊണ്ട് മൂടുന്ന സോഷ്യല്‍ മീഡിയ.