ബാഹുബലിയാകാന്‍ ശ്രമിച്ച യുവാവിനെ ആന കുടഞ്ഞെറിഞ്ഞു; സംഭവം ഫെയ്സ്ബുക്കില്‍ ലൈവായി പിന്നെ വൈറലായി; വീഡിയോ

തൊടുപുഴ: ബാഹുബലി സിനിമയെ അനുകരിച്ച് ആനയുടെ കൊമ്പില്‍ പിടിച്ച് കയറാന്‍ നോക്കിയ യുവാവിനെ ആന കുടഞ്ഞെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.പെരിങ്ങാശേരി സ്വദേശിയായ യുവാവിനാണ് തന്റെ മെക്കിട്ട് കേറാന്‍ നോക്കിയതിന് ആന എട്ടിന്റെ പണി കൊടുത്തത്. ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കവെയാണ് യുവാവ് സാഹസത്തിന് മുതിര്‍ന്നത്..

വഴിയരികില്‍ പനംപട്ടം തിന്നുന്ന ആനപ്പുറത്തേക്ക് വലിഞ്ഞുകയറി ഫേസ്ബുക്കില്‍ വീഡിയോ നല്‍കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി സുഹൃത്തിനെ വീഡിയോ എടുക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു.ഒരു കിലോ പഴം നല്‍കി ആനയെ സന്തോഷിച്ച യുവാവ് സമീപമുണ്ടായിരുന്ന പനമ്പട്ടയും ആനയ്ക്ക് എടുത്തുനല്‍കി. പിന്നീട് ആനയുടെ തൊട്ടു തൊഴുത് രണ്ടുമൂന്ന് ഉമ്മകള്‍ നല്‍കിയശേഷം കൊമ്പില്‍
തൂങ്ങാനായി ശ്രമം.

എന്നാല്‍ ആക്രോശിച്ചുകൊണ്ട് യുവാവിനെ ആന കുടഞ്ഞെറിയുകയായിരുന്നു. ഫേസ്ബുക്കില്‍ ലൈവ് പകര്‍ത്തിയ സൃഹൃത്ത് ഇവയെല്ലാം വീഡിയോയിലാക്കുകയും ചെയ്തു. ദൂരേക്ക് തെറിച്ചു വീണ യുവാവിന്റെ കഴുത്തൊടിഞ്ഞ നിലയില്‍ പിന്നീട് കോലഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പാപ്പാന്മാര്‍ ആനയ്ക്ക് പനമ്പട്ട അരിയാന്‍ പോയ സമയത്തായിരുന്നു സംഭവം.