തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; മന്ത്രിയായിരുന്നുകൊണ്ട് ഉദ്ദേശമൊന്നും നടക്കില്ല; സര്‍വ്വതും പിഴച്ച് തോമസ് ചാണ്ടി
കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് ഭരണ സംവിധാനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ല, അതിനു നിയമ സാധുതയില്ല.അതുകൊണ്ട് തന്നെ ഹര്‍ജി അപൂര്‍ണ്ണമാണ്. മന്ത്രി സ്ഥാനം രാജിവച്ച് സാധാരണക്കാരനായി നിയമ നടപടി നേരിടണമെന്ന് കോടതി ചാണ്ടിയോട് പറഞ്ഞു.
മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇത് ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.
കോടതിയിലും കനത്ത തിരിച്ചടി നേരിട്ടതോടെ തോമസ് ചാണ്ടിയുടെ രാജിയാവശ്യവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് വരാനാണ് സാധ്യത. അതെ സമയം തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് എന്‍.സി.പിയിലെ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി നടന്ന ഭാരവാഹി യോഗത്തിലാണ് ഒരുവിഭാഗം നേതാക്കള്‍ രാജിആവശ്യം ഉന്നയിച്ചത്. യോഗത്തില്‍ മന്ത്രി രാജിവെയ്ക്കണമെന്ന് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടുവെന്നാണ് വിവരം. മുന്നണി മര്യാദ പാലിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.