2018 ലോകകപ്പിനു യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്; രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില

മിലാന്‍: ഹോളണ്ടിന് പിന്നാലെ അടുത്ത് വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകക്കപ്പ് യോഗ്യതനേടാനാകാതെ ഫുട്‌ബോള്‍ ലോകത്തെ യൂറോപ്യന്‍ കരുത്തന്മാരായ ഇറ്റലിയും പുറത്തേക്ക്. മഞ്ഞക്കാര്‍ഡുകളുടെ അതിപ്രസരം കണ്ട മല്‍സരത്തില്‍ സ്വീഡന്റെ മഞ്ഞപ്പടയ്‌ക്കെതിരെ ഗോളടിക്കാന്‍ മറന്നതാണ് ഇറ്റലിക്ക് വിനയായത്.

ഇറ്റലിയുടെ സ്വന്തം മൈതാനത്ത് ഇന്നു പുലര്‍ച്ചെ നടന്ന യൂറോപ്യന്‍ പ്ലേ ഓഫ് മല്‍സരത്തിന്റെ രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്. ഇതോടെ ഇരുപാദങ്ങളിലുമായി 1-0നു പിന്നിലായ ഇറ്റലി ലോകകപ്പ് യോഗ്യത നേടാനാകതെ പുറത്തായി. പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മല്‍സരത്തില്‍ ഒന്‍പതു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.

വെള്ളിയാഴ്ച സ്റ്റോക്‌ഹോമിലെ ഫ്രണ്ട്‌സ് അറീനയില്‍ നടന്ന ആദ്യപാദത്തിലേറ്റ ഒരു ഗോളിന്റെ തോല്‍വിയാണ് അസൂറിപ്പടയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്. മല്‍സരത്തിന്റെ 61-ാം മിനിറ്റില്‍ ജേക്കബ് ജൊനാസനാണ് സ്വീഡന്റെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടെ ഇറ്റലിയില്ലാതെ നടക്കുന്ന ആദ്യ ലോകകപ്പാകും റഷ്യയിലേത്. 2006നു ശേഷം സ്വീഡന്‍ ലോകകപ്പ് യോഗ്യത നേടുന്നതും ഇതാദ്യം. ഇതുവരെ ലോകകപ്പ് നേടിയിട്ടുള്ള രാജ്യങ്ങളില്‍ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ ഏക ടീമും ഇറ്റലി തന്നെ.

നേരത്തെ യൂറോപ്യന്‍ ശക്തികളായ ഹോളണ്ടും ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തായിരുന്നു. 2010-ല്‍ ആഫ്രിക്കയില്‍ നടന്ന ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ഹോളണ്ട് ടീം.