തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണായക ദിനം;കേസ് ഹൈക്കോടതിയില്‍, എന്‍സിപി നേതൃയോഗവും ഇന്ന്

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ എല്‍.ഡി.എഫ് അന്ത്യശാസനം നല്‍കിയ മന്ത്രി തോമസ് ചാണ്ടിക്ക് ഇന് നിര്‍ണായക ദിനം. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട നാലു കേസുകളാണ് ഇന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഉച്ചയ്ക്കുശേഷം എന്‍.സി.പി നേതൃയോഗവും ചേരുന്നുണ്ട്. എന്നാല്‍ ചാണ്ടിയുടെ രാജി സംബന്ധിച്ച ചര്‍ച്ച കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്ന മറ്റൊരു യോഗത്തിലേക്കു നീട്ടിവയ്ക്കാനുള്ള തന്ത്രമാണ് എന്‍.സി.പി പാളയത്തില്‍ ഒരുങ്ങുന്നത്.

തന്റെ നേതൃത്വത്തിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനിയുടെ കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹര്‍ജിയാണു ഹൈക്കോടതി ഇന്നു പരിഗണിക്കുന്നത്. മന്ത്രിയുടെ കയ്യേറ്റങ്ങള്‍ക്കെതിരായുള്ള പൊതുതാല്‍പര്യ ഹര്‍ജികളും ഒപ്പം പരിഗണിക്കും. ഇതിലെ ഒരു കേസില്‍ മന്ത്രിക്കും സാധാരണക്കാരനും രണ്ടു നീതിയോ എന്ന കടുത്ത പരാമര്‍ശം കോടതി നേരത്തെ നടത്തിയിരുന്നു. സര്‍ക്കാരിനെയും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

അതെ സമയം കേസില്‍ അനുകൂലമായ നിലപാട് എന്തെങ്കിലും വന്നാല്‍ പിടിച്ചുനില്‍ക്കാമെന്ന പ്രതീക്ഷയിലാണ് ചാണ്ടിയും എന്‍.സി.പിയും.എന്നാല്‍ പ്രതികൂലമായ നിലപാടുണ്ടായാലും തീരുമാനം നീട്ടാനാകും ശ്രമം. എന്നാല്‍, കോടതി കടുപ്പിച്ചെന്തെങ്കിലും പറഞ്ഞാല്‍ മന്ത്രിക്ക് രാജിയല്ലാതെ മറ്റു പോംവഴികളൊന്നുമുണ്ടാക്കില്ല. കടിച്ചുതൂങ്ങാനാണു ഭാവമെങ്കില്‍ പരസ്യമായി കാര്യങ്ങള്‍ പറയുമെന്ന മുന്നറിയിപ്പു സി.പി.ഐ നല്‍കിക്കഴിഞ്ഞു. സി.പി.എമ്മിനും കാര്യങ്ങള്‍ നിയന്ത്രിക്കാനായെന്നുവരില്ല.