ഒടുവില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്ക സമയത്ത് ഉണ്ടാകും
തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൗനം വെടിഞ്ഞ് മുഖ്യ മന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.സി.പിയുടെ തീരുമാനവും അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയ കാര്യം അറിഞ്ഞു. ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. വിധിയുടെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്‍.ഡി.എഫ് നേരത്തെ വിഷയം ആലോചിച്ചതാണ്. തോമസ് ചാണ്ടിയും എല്‍.ഡി.എഫ് യോഗത്തില്‍ ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളും പരിഗണിച്ചുകൊണ്ട് നിലപാട് എടുക്കും.
കലക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ വാക്കാല്‍ നടത്തിയിരുന്നു. മന്ത്രി ദന്തഗോപുരത്തില്‍നിന്നു താഴെയിറങ്ങണമെന്ന് അഭിപ്രായപ്പെട്ട കോടതി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും പറഞ്ഞു. ഹര്‍ജി പിന്‍വലിക്കാന്‍ അവസരം നല്‍കിയെങ്കിലും മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു തോമസ് ചാണ്ടിയുടെ തീരുമാനം. ഇതേത്തുടര്‍ന്നു വീണ്ടും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പിന്നീട് ഹര്‍ജി തള്ളുകയായിരുന്നു.