കോടതിയെ കൂട്ട് പിടിച്ച് അധികാരത്തില്‍ തുടരാനാകില്ല,വേണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കാം;തോമസ് ചാണ്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കായല്‍ കയ്യേറ്റ ആരോപണത്തില്‍ സകലവും പിഴച്ച് തോമ്‌സ് ചാണ്ടി. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നേരിടേണ്ടി വന്നത്. ഹര്‍ജി നിലനില്‍ക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, നിരവധി ചോദ്യങ്ങളാണ് ചാണ്ടിയോട് ഉന്നയിച്ചത്. തെറ്റുകാരനല്ലെങ്കില്‍ നിങ്ങള്‍ കളക്ടറുടെ മുന്‍പില്‍ പോകാന്‍ ഹൈക്കോടതി ചാണ്ടിയെ ഉപദേശിച്ചു. ചാണ്ടിയുടെ ഹര്‍ജിക്ക് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനുള്ള നിയമ സാധുതയില്ല എന്ന് കോടതി നിരീക്ഷിച്ചു.

മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇത് ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്തതുകൊണ്ടാണോ ഹൈക്കോടതിയിലെത്തിയതെന്ന് ചാണ്ടിയോട് ഹൈക്കോടതി ചോദിച്ചു.അതെ സമയം സ്റ്റേറ്റ് അറ്റോര്‍ണി ആദ്യം തോമസ് ചാണ്ടിയെ പിന്തുണച്ചിരുന്നു. മന്ത്രിയാകുന്നതിനു മുന്‍പാണ് ആരോപണത്തിന് വിധേയമായ കാര്യങ്ങളുണ്ടായതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയ ആളെ എങ്ങനെയാണ് നിങ്ങള്‍ ന്യായികരിക്കുന്നതെന്നു ഹൈക്കോടതി സ്റ്റേറ്റ് അറ്റോര്‍ണിയോട് ചോദിച്ചു. എന്നാല്‍ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍, മന്ത്രിയുടെ രാജി അപക്വമെന്ന് നിലപാടു മാറ്റി. ഫലത്തില്‍, മന്ത്രിയെ തള്ളുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഹര്‍ജി നിലനില്‍ക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിന് തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. നിരവധി ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനു വലിയ ക്ഷീണമാണ്.

നിങ്ങള്‍ സര്‍ക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണ് ഈ ഹര്‍ജി. കോടതിയെ സമീപിച്ച് തല്‍സ്ഥാനത്തു തുടരാനാണ് മന്ത്രിയുടെ ശ്രമം. ഇത് ദൗര്‍ഭാഗ്യകരമാണ്. അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ കാരണങ്ങളാണിത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത് തെറ്റ് തന്നെയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോടതിയെ കൂട്ട് പിടിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമം നടത്തേണ്ടെന്ന് ഹൈക്കോടതി തോമസ് ചാണ്ടിയോട് പറഞ്ഞു.