തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രി സഭ യോഗം ചര്‍ച്ച ചെയ്തില്ല; ഒന്നും പ്രവചിക്കാന്‍ നില്‍ക്കണ്ടെന്ന് മുഖ്യമന്ത്രി
ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രി സഭ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. തോമസ് ചാണ്ടി വിഷയം ദേശിയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് പത്തര മണിക്ക് ശേഷം അറിയിക്കാമെന്നാണ് എന്‍.സി.പി തന്നോട് അറിയിച്ചതെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത നല്‍കണം. കേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച കാര്യങ്ങള്‍ നേരത്തെ എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തിരുന്നു. വിഷയം സംബന്ധിച്ചു മുഖ്യമന്ത്രി തീരുമാനമെടുക്കുക, തോമസ് ചാണ്ടിയുടെ പാര്‍ട്ടിയെന്ന നിലയ്ക്ക് എന്‍.സി.പിയുടെ നിലപാട് അറിയുക എന്നീ രണ്ടു നിര്‍ദേശങ്ങളാണ് അന്നു യോഗത്തില്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം വന്നതോടെ എന്‍.സി.പിയുടെ നേതൃത്വവുമായി ഇന്നു രാവിലെ സംസാരിച്ചു. തോമസ് ചാണ്ടിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചു. ഇന്നു രാവിലെ തന്നെ ചര്‍ച്ച നടത്തി എന്‍.സി.പി നേതൃത്വം കാര്യങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന ഹൈക്കോടതിയുടെ വാദം അംഗീകരിക്കില്ല. തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതില്‍ അസ്വഭാവികതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തില്‍ എന്തുകൊണ്ടു പങ്കെടുക്കുന്നില്ലെന്നു ചൂണ്ടികാട്ടി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഒരു കത്തു നല്‍കിയിരുന്നു. ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ സി.പി.ഐ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നു കാട്ടിയുള്ള കത്തായിരുന്നു അത്.വിഷയത്തില്‍ കോടതി നിലപാട് അറിയിച്ചിട്ടുണ്ട്. വിഷയം ദേശിയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമറിയിക്കാമെന്നാണ് എന്‍.സി.പി പറഞ്ഞിരിക്കുന്നത്. തീരുമാനം ഉണ്ടാകും. പ്രവചനങ്ങളൊന്നും വേണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.