ചീറിപ്പാഞ്ഞു വരുന്ന ട്രക്കിനു മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന കുട്ടി; വൈറലാകുന്ന വീഡിയോ

ചീറിപ്പാഞ്ഞു വരുന്ന വോള്‍വോ ട്രക്കിനു മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കണ്ടു നിന്നവരെല്ലാം കുട്ടി ട്രക്കിനടിയില്‍ പെട്ടു എന്നാണ് കരുതുന്നതെങ്കിലും ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.

നോര്‍വെയിലാണ് സംഭവം. ബസിന്റെ പുറകിലൂടെ വാഹനങ്ങള്‍ നോക്കാതെ റോഡ് ക്രോസ് ചെയ്‌തോടുന്ന കുട്ടിയെ ഡ്രൈവര്‍ കാണുന്നത് അവസാന നിമിഷത്തിലാണെന്നു വീഡിയോ വ്യക്തമാക്കുന്നു. ഡ്രൈവര്‍ ബ്രേക്ക് അമര്‍ത്താന്‍ വൈകിയാല്‍ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്ന വോള്‍വോയുടെ എഫ്എച്ച് സീരിസ് ട്രക്കിന്റെ എമര്‍ജെന്‍സി ബ്രേക്കിങ് സിസ്റ്റത്തിന്റെ കാര്യക്ഷമതയില്‍ കുട്ടി രക്ഷപ്പെടുക ആയിരുന്നു. എന്തായാലും തലനാരിഴക്ക് കുട്ടി രക്ഷപ്പെടുന്ന ഈ വീഡിയോ വൈറലായതോടെ പരസ്യചിത്രങ്ങളെക്കാളും ഗുണമാണ് വോള്‍വോയ്ക്ക് ലഭിക്കുക എന്നുറപ്പ്.

സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ സുരക്ഷക്ക് പേരു കേട്ടവരാണ്. വാഹനത്തിലെ യാത്രക്കാര്‍ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും വോള്‍വോ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നുണ്ട്. എമര്‍ജന്‍സി ബ്രേക്കിങ് ഉള്‍പ്പെടെയുള്ള വോള്‍വോയുടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇതിനു പിന്നില്‍. മാത്രമല്ല സഡന്‍ ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനത്തിലെ ഡ്രൈവര്‍ക്ക് അപായസൂചനയും ഈ സാങ്കേതിക വിദ്യ നല്‍കും.

വോള്‍വോ എഫ്എച്ച് സീരീസ് ഹെവി ട്രക്കുകളുടെ പ്രധാന സുരക്ഷ ഫീച്ചറാണ് ഈ എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. ക്യാമറ, റഡാര്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. പ്രത്യേക കംപ്യൂട്ടര്‍ സംവിധാനത്തിന്റെ നിയന്ത്രണത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. മുന്നിലുള്ള വാഹനത്തിന്റെ വേഗത, അവ തമ്മിലുള്ള ദൂരം എന്നിവക്കൊപ്പം മറ്റേത് പ്രതിബന്ധവും ഈ സംവിധാനം എളുപ്പത്തില്‍ തിരിച്ചറിയുകയും ഡ്രൈവര്‍ ബ്രേക്ക് അമര്‍ത്താന്‍ വൈകിയാല്‍ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്.

വിഡിയോ: