തോമസ് ചാണ്ടി ഗതാഗത മന്ത്രി സ്ഥാനം രാജി വെച്ചു;

 

തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചു. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്ററുടെ പക്കല്‍ രാജിക്കത്ത് ഒപ്പിട്ട് നല്‍കിയ ശേഷം ഔദ്യോഗിക വാഹനത്തില്‍ പോയ തോമസ് ചാണ്ടി നേരിട്ട് രാജിക്കത്ത് നല്‍കാന്‍ തയ്യാറായില്ല എന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ അപൂര്‍വ സംഭവമാണ്.

സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ടി.പി പീതാംബരന്‍ മാസ്റ്റര്‍ തോമസ് ചാണ്ടിയുടെ രാജിക്കത്ത് കൈമാറി.പാര്‍ട്ടി അധ്യക്ഷനെന്ന നിലക്കാണ് കത്ത് താന്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറിയത്. രണ്ടു മണിക്ക് എം.എല്‍.എ ഹോസ്റ്റലില്‍ വാര്‍ത്ത സമ്മേളനം നടത്തി കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്ന് പീതാംബരന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തോമസ് ചാണ്ടി രാജി വയ്ക്കണമെന്നു സിപിഐ ആദ്യം മുതല്‍തന്നെ കടുത്ത നിലപാടെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കടുത്ത ഭാഷയില്‍ ചാണ്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ആകെയുള്ള രണ്ട് എംഎല്‍എമാരും മന്ത്രിമാരാവുകയും വിവാദത്തില്‍പ്പെട്ടു രാജിവച്ചു സ്ഥാനമൊഴിയുകയും ചെയ്‌തെന്ന അപൂര്‍വസ്ഥിതിയിലാണ് ഇപ്പോള്‍ എന്‍.സി.പി.

പാര്‍ട്ടി യോഗത്തില്‍ തോമസ് ചാണ്ടി രാജിക്കത്ത് ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക് കൈമാറി. വൈകാതെ അദ്ദേഹം മന്ത്രിവാഹനത്തില്‍ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചു. രാജിക്കത്ത് കൈമാറാന്‍ പീതാംബരന്‍ മാസ്റ്റര്‍ സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ ചാണ്ടിയുടെ വാഹനം കഴക്കൂട്ടം ബൈപ്പാസ് പിന്നിട്ടിരുന്നു. അതും പോലീസ് അകമ്പടിയില്‍ തന്നെ.