സിംബാബ്‌വേയില്‍ പട്ടാള അട്ടിമറി: നിയന്ത്രണം സൈന്യമേറ്റെടു; പ്രസിഡന്റ് മുഗാബേ സുരക്ഷിതനെന്ന് സൈന്യം

ഹരാരേ:സിംബാബ്‌വേയില്‍ഭരണ സംവിധാനം അട്ടിമറിച്ച് രാജ്യത്തിന്റെ നിയന്ത്രണം പട്ടാളം ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് റോബര്‍ട്ട് മുഗാബേയുടെ ചുറ്റുമുള്ള കുറ്റവാളികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ് അധികാരം പിടിച്ചെടുത്തതെന്ന് സൈന്യം പ്രഖ്യാപിച്ചു. മുഗാബേയും അദ്ദേഹത്തിന്റെ കുടുംബവും സുരക്ഷിതരാണെന്നും സൈനിക വക്താവ് അറിയിച്ചു.

അട്ടിമറിയിലൂടെയാണോ പട്ടാളം അധികാരം പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. ആയുധ ധാരികളായി സൈന്യവും സൈനിക വാഹനങ്ങളും തലസ്ഥാനമായ ഹരാരേയില്‍ പട്രോളിങ് നടത്തുന്നുണ്ട്. സിംബാബ്വേയുടെ ഔദ്യോഗിക ചാനലായ സെഡ് ബിസിയുടെ നിയന്ത്രണവും സൈന്യം പിടിച്ചെടുത്തു. എന്നാല്‍ സൈനിക അട്ടിമറിയല്ല നടന്നിട്ടുള്ളതെന്ന് സൈനിക വക്താവ് ടെലിവിഷനിലൂടെ അറിയിച്ചു.

രാജ്യമിപ്പോള്‍ നേരിടുന്ന സാമ്പത്തിക സാമൂഹ്യ അരക്ഷിതാവസ്ഥയ്ക്ക് കാരണം പ്രസിഡന്റ് മുഗാബേയ്ക്ക് ചുറ്റുമുള്ള കുറ്റവാളി സംഘങ്ങളാണ്. ഇവരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനും നീതി നടപ്പാക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഏതെങ്കിലും തരത്തിലുള്ള സൈനിക സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പെടില്ലെന്ന് മുഗേബേയുടെ സാനു-പി.എഫ് പാര്‍ട്ടി സൈന്യത്തിന്റെ തലവന്‍ ജനറല്‍ കോണ്‍സ്റ്റാന്റിനോ ഷിവേങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.

ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്ന മുന്‍ സൈനിക മേധാവി എമ്മേഴ്സണ്‍ നംഗാവയെ അടുത്തിടെ മുഗാബേ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സെന്യത്തിന്റെ തലവന്‍ ജനറല്‍ കോണ്‍സ്റ്റാന്റിനോ ഷിവേങ്ക സര്‍ക്കാരിനെതിരെ നീക്കം ആരംഭിച്ചത്.