തോമസ് ചാണ്ടി രാജി വച്ചപ്പോള്‍ ഒരു ദിവസം മുഴുവന്‍ പാന്റ്‌സിന്റെ ‘സിബ്ബ്’ തുറന്നിട്ട നടന്‍ അലന്‍സിയര്‍; എന്തൊരു ആശ്വാസമെന്ന് കമന്റും
കൊല്ലം: കായല്‍ കൈയേറ്റ വിഷയത്തില്‍ രാജിക്കായി ശക്തമായ സമ്മര്‍ദ്ദമുയര്‍ന്നപ്പോഴും മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി ഒടുവില്‍ നാണം കെട്ട് രാജിവച്ച തോമസ് ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രോളുകളുടെ പെരുമഴയാണ്.
കളക്ടറുടെ റിപ്പോര്‍ട്ടും വിജിലന്‍സ് ത്വരിതാന്വേഷണവും ഹൈക്കോടതി വിമര്‍ശനവും വന്നിട്ടും മന്ത്രിയെ പുറത്താക്കാനോ രാജി ആവശ്യപ്പെടാനോ മുഖ്യമന്ത്രി തയ്യാറായില്ല. ഒടുവില്‍ സി.പി ഐ മന്ത്രിമാര്‍ നടത്തിയ സമ്മര്‍ദ തന്ത്രങ്ങളുടെ ഫലമായാണ് രാജിക്ക് വഴങ്ങിയതെന്നു തോമസ് ചാണ്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. എങ്കിലും ചാണ്ടിയെ സംരക്ഷിക്കാന്‍ പിണറായി നന്നായി ശ്രമിച്ചു എന്ന് വ്യക്തമായതോടെ പിണറായി വിജയന്റെ നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.
ഫോണ്‍ കെണിയില്‍ കുടുങ്ങിയ എകെ ശശീന്ദ്രനും ബന്ധുത്വ നിയമന വിവാദത്തില്‍പ്പെട്ട ഇപി ജയരാജനുമില്ലാത്ത പരിഗണനയാണ് കോടീശ്വരനായ മന്ത്രിക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച്, കഴിഞ്ഞ ദിവസം വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് വരികയുണ്ടായി നടന്‍ അലന്‍സിയര്‍.
മന്ത്രിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍ രംഗത്ത് വന്നത്. പ്രതിഷേധങ്ങളുടെ കാര്യത്തില്‍ അലന്‍സിയര്‍ തികച്ചും വ്യത്യസ്തനാണ്. ബീഫ് വിവാദത്തിലും ദേശീയ ഗാന വിവാദത്തിലുമടക്കം അലന്‍സിയറുടെ വ്യത്യസ്തത കേരളം കണ്ടതുമാണ്.
തോമസ് ചാണ്ടി വിഷയത്തില്‍ അലന്‍സിയറുടെ പ്രതിഷേധം കുറച്ച് കടന്ന കൈ ആയിപ്പോയില്ലേ എന്ന് സംശയം തോന്നാം. ഒരു ദിവസം മുഴുവന്‍ തന്റെ പാന്റിന്റെ സിബ്ബ് അഴിച്ചിട്ടിട്ടാണ് അലന്‍സിയര്‍ പ്രതിഷേധം അറിയിച്ചത്. ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങളോട് തോമസ് ചാണ്ടി കാണിച്ച തെമ്മാടിത്തരത്തില്‍ കൂടുതലൊന്നുമല്ല തന്റെ ഇത്തരത്തിലുള്ള പ്രതിഷേധമെന്ന് അലന്‍സിയര്‍ പറയുന്നു.
തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടനം തികച്ചും നിരുത്തരവാദപരമാണ്.സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ വലിയ സങ്കടം തോന്നി. തോമസ് ചാണ്ടിയെ ന്യായീകരിക്കുകയായിരുന്നില്ല മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. തോമസ് ചാണ്ടി ഇപ്പോഴെങ്കിലും രാജി വെച്ചതില്‍ തനിക്ക് ആശ്വാസമുണ്ട്.
തോമസ് ചാണ്ടിയെ ചുമന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. തോമസ് ചാണ്ടിയുടെ രാജിയിലൂടെ പൊതുസമൂഹത്തിന് വലിയ ആശ്വാസമാണ് ലഭിച്ചത്. ആ ആശ്വാസത്തെ പ്രതീകവത്ക്കരിച്ച് കൊണ്ടാണ് ഒരു ദിവസം മുഴുവന്‍ പാന്റിന്റെ സിബ്ബ് അഴിച്ചിട്ടു കൊണ്ടുള്ള അലന്‍സിയറുടെ പ്രതിഷേധം.