മലയാളികള്‍ക്ക് പ്രിയങ്കരിയായ നേഴ്സിങ് ഓഫീസര്‍ ആയിഷ മരാര്‍ വിരമിച്ചു

റിയാദ്: സൗദി മലയാളികള്‍ക്ക് സുപരിചിതയും ഇപ്പോഴും സഹായവുമായി എത്തുന്ന നേഴ്സിങ് ഓഫീസര്‍ ആയിഷ മരാര്‍ക്ക് മലയാളികള്‍ സ്‌നേഹോഴ്മളമായ യാത്രയയപ്പ് നല്‍കി. പതിറ്റാണ്ടുകള്‍ക്ക് ശേഷം നേഴ്സിങ് മഹത്തായ തൊഴില്‍ മേഖലയില്‍ വിരമിക്കുന്ന റിയാദിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ സീനിയര്‍ നേഴ്സിങ് ഓഫീസര്‍ ആയിഷ മരാര്‍ക്കാണ് മലയാളികളുടെ വികാരവായ്പുകള്‍ ലഭിച്ചത്.

റിയാദിലെ ഇന്ത്യന്‍ സമൂഹത്തിനു ആയിഷ മരാര്‍ ചെയ്ത സംഭാവനകള്‍ മലയാളികളുടെ ചരിത്രത്തോട് കൂട്ടി വായിക്കേണ്ടതാണെന്നു അനുസ്മരണ യോഗത്തില്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി. മഹതിയുടെ സേവനങ്ങള്‍ക്ക് ഫലകവും, ബൊക്കെയും നല്‍കി മലയാളികള്‍ ആദരിച്ചു.

ഇന്ത്യയില്‍ പല സ്ഥലങ്ങളിലും സഞ്ചരിച്ചു നേഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്തിട്ടുള്ള ആയിഷ മലയാളി നേഴ്സുമാര്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കുന്നതില്‍ അതീവ താല്പര്യം കാണിച്ചിരുന്നതായി ആശസാപ്രസംഗത്തില്‍ പലരും വ്യകതമാക്കി. എന്‍.ആര്‍.കെ ഫോറം ചെയര്‍മാന്‍ അഷറഫ് വടക്കേവിള, റിയാദ് ഇന്ത്യന്‍ ബിസിനസ് ഫോറം പ്രതിനിധി ജിയോ ജോസ്, സെലിന്‍ ഫാഗര, ബിജിനി ചാക്കോ, മറിയാമ്മ ജൂഷന്‍ എന്നിവര്‍ സംസാരിച്ചു.

സൗദി ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് സിഞ്ചു റാന്നി അധ്യക്ഷത വഹിച്ച യോഗം നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിനിധി സ്റ്റാന്‍ലി ജോസും സന്നിഹിതനായിരുന്നു. ജയേഷ് ഏറ്റുമാനൂര്‍ സ്വാഗതവും, നിസാര്‍ പള്ളിക്കശ്ശേരില്‍ നന്ദിയും അറിയിച്ചു.