നിങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്; എല്ലാ പൗരന്മാരെയും നിരീക്ഷിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ പൗരന്മാരുടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. തപാല്‍ വകുപ്പുമായി ചേര്‍ന്ന് രാജ്യത്തെ പൗരന്‍മാരുടെ മേല്‍വിലാസവും മറ്റ് വിവരങ്ങളും ഡിജിറ്റലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഗൂഗിള്‍ മാപ്പ് രൂപത്തില്‍ ഇ-മാപ്പിലൂടെ പൗരന്‍മാരുടെ താമസ സ്ഥലം അടക്കമുള്ള കാര്യങ്ങള്‍ ഡിജിറ്റലാക്കാനാണ്ള്ള ലക്ഷ്യമിടുന്നത്. മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശത്തിന്മേലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എല്ലാ പിന്‍കോഡ് ലൊക്കേഷനുകള്‍ക്കും ആറക്കമുള്ള ന്യൂമെറിക്ക് കോഡ് നല്‍കി ആ കോഡിന് കീഴില്‍ വരുന്ന ആള്‍ക്കാരെയാണ് നിരീക്ഷയ്ക്കുക. വെള്ളം, വൈദ്യുതി, ഗ്യാസ്, വസ്തു ഉടമസ്ഥാവകാശം, നികുതി വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിലൂടെ കണ്ടെത്താനാവും.

ഡല്‍ഹിയില്‍ രണ്ട് സ്ഥലങ്ങളിലും നോയിഡയില്‍ ഒരിടത്തും പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി വിജയകരമായാല്‍ രാജ്യത്തുടനീളം ഇത് നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുമ്പോള്‍ ന്യൂമറിക്ക് അക്കങ്ങള്‍ പോസ്റ്റല്‍ വിലാസം പോലെ ഉപയോഗിക്കാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സ്വകാര്യ മാപ്പിംഗ് കമ്പനിയായ മൈ മാപ്പ് ഇന്ത്യയാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് ഇത്തരമൊരു നീക്കത്തിന് മുന്‍കൈയെടുക്കുന്നത്.

ഇ-ലോക് (ഇ-ലൊക്കേഷന്‍) കൊണ്ട് ബുദ്ധിമുട്ടേറിയ വിലാസങ്ങള്‍ പോലും അനായാസേന കണ്ടെത്താന്‍ കഴിയും എന്ന് മാപ്പ് മൈ ഇന്ത്യ എം.ഡി രാകേഷ് ശര്‍മ്മ സൂചിപ്പിച്ചു. യാത്രക്കാര്‍ക്ക് ഒരു സ്ഥലത്തു നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് എത്തിപ്പെടാനും ഇ-കൊമേഴ്സ് വ്യവസായങ്ങളില്‍ പണവും സമയവും ഇന്ധവും ലാഭിക്കാനും ഈ പദ്ധതി സഹായകമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കായി ഇത് വരെ രണ്ട് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് കഴിഞ്ഞു എന്ന് മാപ്പ് മൈ ഇന്ത്യ പറയുന്നു. വിശദമായ മാപ്പിംഗിന് ഐ.എസ്.ആര്‍.ഒയുമായും മാപ്പ് ഇന്‍ ഇന്ത്യ സഹകരിച്ചേക്കും.

എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ ജനങ്ങളുടെ സ്വകാര്യ വിവരങ്ങളില്‍ കൈ കടത്തുന്നതും ഇടപെടുന്നതും എത്രത്തോളം സുരക്ഷിതമാണെന്ന സംശയമുയരുന്നുണ്ട്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തന്നെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം തിരിഞ്ഞ് കൊത്തുമോ എന്ന് കണ്ടറിയണം.