മുഖ്യമന്ത്രിയുടെ മരുമകള്‍ക്ക് പ്രസവം സുഖകരമാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ഗര്‍ഭിണികളെ മുഴുവന്‍ പുറത്താക്കി
ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്‍റെ മരുമകള്‍ക്ക് പ്രസവം സുഖകരമാക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെ മറ്റു രോഗികളെ മുഴുവന്‍ പുറത്താക്കിയത്. രമണ്‍ സിങ്ങിന്റെ മരുമകള്‍ ഐശ്വര്യ സിങ്ങിനെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി റായ്പുറിലെ ഭീം റാവു അംബേദ്കര്‍ സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വെള്ളിയാഴ്ച ആശുപത്രിയിലെ രണ്ടാം നിലയിലെ മുഴുവന്‍ രോഗികളെയും ഒഴിപ്പിച്ചു. ഗര്‍ഭിണികള്‍ക്കുള്ള വാര്‍ഡുകളായിരുന്നു രണ്ടാം നിലയില്‍. ഇവരെ ഒന്നാം നിലയിലേക്കാണ് മാറ്റിയത്. എന്നാല്‍ ഒന്നാംനിലയിലെ സ്ഥലപരിമിതി രോഗികളെയും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരെയും ദുരിതത്തിലാക്കി. രണ്ട് ഗര്‍ഭിണിമാര്‍ക്ക് ഒരു കിടക്ക തന്നെ പങ്കുവയ്‌ക്കേണ്ടതായും വന്നു. എന്‍ ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രിയുടെ മരുമകള്‍ക്ക് പ്രത്യേക മുറിയും മറ്റ് മൂന്നുമുറികള്‍ സുരക്ഷാകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു. അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഒരുക്കാന്‍ അമ്പതോളം പോലീസുകാര്‍ ഇവിടെ തമ്പടിക്കുന്നുമുണ്ടായിരുന്നു.
സാധാരണക്കാരെ ആരെയും രണ്ടാം നിലയിലേയ്ക്ക് കടത്തി വിട്ടില്ല. അതുപോലെ ആശുപത്രി കവാടത്തിലും യുദ്ധപ്രതീതി ആയിരുന്നു. ആംബുലന്‍സ് വരെ പല തവണ പരിശോധിച്ച ശേഷമാണ് കടത്തി വിട്ടത്. സര്‍ക്കാര്‍ ആശുപത്രിയായത് കൊണ്ട് ധാരാളം സാധാരണക്കാര്‍ വന്നു പോകുന്ന ഇടം കൂടിയാണ്. അതുകൊണ്ട് രോഗികളെയും കൊണ്ട് വന്ന സംശയം തോന്നിയ പലരെയും പോലീസ് തടയുകയും ചെയ്തു. കൊച്ചുമകളെ കാണാന്‍ ശനിയാഴ്ച രമണ്‍ സിങ്ങ് ആശുപത്രിയില്‍ എത്തിയിരുന്നു. കൊച്ചുമകളെ കാണാനെത്തിയതിനിന്റെ സന്തോഷം ട്വിറ്ററിലൂടെ രമണ്‍ സിങ് പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം അധികാരത്തിലെത്തിച്ചവരെ അപമാനിക്കുന്ന നടപടിയാണുണ്ടായതെന്നു കോണ്‍ഗ്രസ് വക്താവ് വികാഷ് തിവാരി ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയി എന്നത് അഭിമാനകരമാണ് എന്നാണു ബി ജെ പി പറയുന്നത്.
आज ईश्वर की असीम कृपा से मेरे घर पोती के रूप में लक्ष्मी का आगमन हुआ है। एक दादा के लिए पोती को गोद में उठाने से बड़ी कोई खुशी नहीं हो सकती। pic.twitter.com/6mwZKOuXWb
— Dr Raman Singh (@drramansingh) November 11, 2017