മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയുടെ ക്ഷേത്രത്തിന് ഹിന്ദു മഹാസഭ ശിലയിട്ടു; നീക്കം ഭരണകൂടത്തിന്റെ വിലക്കു വകവയ്ക്കാതെ

ഗ്വാളിയോര്‍:രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് മദ്യപ്രദേശില്‍ ക്ഷേത്രം പണികഴിപ്പിക്കാനൊരുങ്ങി ഹിന്ദു മഹാസഭ. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഹിന്ദു മഹാസഭ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.

ഹിന്ദു മഹാസഭയുടെ ദൗലത്ഗഞ്ച് ഓഫിസ് പ്രദേശത്താണു ക്ഷേത്രത്തിന് ശിലയിട്ടത്. ഇവിടെ മുന്‍പു സ്ഥാപിച്ചിട്ടുള്ള ഗോഡ്‌സെയുടെ വിഗ്രഹത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചനയും നടത്തി. ക്ഷേത്ര നിര്‍മാണത്തിന് സ്ഥലം ചോദിച്ച് ഹിന്ദു മഹാസഭ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിനെ വെല്ലുവിളിച്ച് ക്ഷേത്രനിര്‍മാണവുമായി മുന്നോട്ടുപോകാന്‍ ഇവര്‍ തീരുമാനിച്ചത്.

ക്ഷേത്ര നിര്‍മാണത്തില്‍, മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ‘സദാസമയവും മഹാത്മാ ഗാന്ധിയുടെ പേര് ഉച്ചരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഹൃദയത്തില്‍ ഗോഡ്‌സെയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് അജയ് സിങ്, എങ്ങനെയാണ് ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്ര നിര്‍മാണത്തിന് ശിലയിടാന്‍ സാധിക്കുന്നതെന്നും’ ചോദിച്ചു.