ആദ്യദിനം ഇന്ത്യയെ എറിഞ്ഞിട്ട് ലങ്ക; 6 ഓവര്‍ 6 മെയ്ഡന്‍ 3 വിക്കറ്റ്; സുരംഗയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര, 3ന് 17
കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ശ്രീലങ്കക്ക് മേല്‍ക്കൈ. മഴമൂലം വൈകി തുടങ്ങിയ കളിയില്‍ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയക്കാനായിരുന്നു ലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചാന്ദിമലിന്റെ തീരുമാനം. ക്യാപ്റ്റന്റെ തീരുമാനം അക്ഷരം പ്രതി ശരിവെക്കും വിധം ലങ്കന്‍ ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിറയെ ശരിക്കും വിറപ്പിച്ചു.
മത്സരത്തിന്റെ ആദ്യ പന്തില്‍ പന്തില്‍ കെ.എല്‍ രാഹുലിനെ പുറത്താക്കി സുരംഗ ലക്മല്‍ ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ആദ്യ വിക്കറ്റ് നഷ്ടം. അവിടം കൊണ്ടവസാനിപ്പിച്ചില്ല ലക്മല്‍. ഏഴാമത്തെ ഓവറില്‍ ശിഖര്‍ ധവാന്റെ കുറ്റി തെറിപ്പിച്ച് ലക്മല്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചു. എന്നിട്ടും നിര്‍ത്തിയില്ല ലക്മല്‍. റണ്‍ മെഷീന്‍ വിരാട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ലക്മല്‍ വീണ്ടും ഇന്ത്യയുടെ പേടിസ്വപ്നമായി. ആറോവറില്‍ ആറും മെയ്ഡനാക്കിയാണ് ലക്മല്‍ ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയത്.
രാഹുല്‍ (0), ധവാന്‍ (8), കോലി (0) എന്നിവരാണ് പുറത്തായത്. പൂജാര (8), രഹാനെ (0) എന്നിവര്‍ ക്രീസിലുണ്ട്. മഴമൂലം നാല് മണിക്കൂര്‍ വൈകിയാണ് കൊല്‍ക്കത്തയില്‍ ഒന്നാം ടെസ്റ്റ് തുടങ്ങിയത്. അധികം വൈകാതെ മഴ തന്നെ കളി മുടക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ അഞ്ച് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരും വിക്കറ്റ് കീപ്പറുമാണ് ഉള്ളത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് ബൗളര്‍മാര്‍. ധവാന്‍, വിജയ്, കോലി, പൂജാര, രഹാനെ എന്നിവരാണ് ബാറ്റ്‌സ്മാന്‍മാര്‍. സാഹയാണ് കീപ്പര്‍.