നിയമസഭയില്‍ ഇരുന്ന് ബോറടിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് എംഎല്‍എ പോയത് ഡാന്‍സ് കളിക്കാന്‍, വീഡിയോ വൈറലായപ്പോള്‍ വിവാദവും പിറകെ

ബംഗലൂരു:നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ ഡാന്‍സ് കളിക്കാന്‍ പോയ എം.എല്‍.എ വിവാദത്തില്‍. സിനിമാ താരവും കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എയുമായ എം.എച്ച്.അംബരീഷാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുത്ത് ഡാന്‍സ് കളിച്ചതിന് വിവാദത്തില്‍പ്പെട്ടത്. അംബരീഷ് ഡാന്‍സ് കളിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതേസമയം കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ദിനേഷ് ഗുണ്ടു റാവു എം.എല്‍.എക്ക് പിന്തുണയുമായി രംഗത്തെത്തി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും, അംബരീഷ് സിനിമാ താരം കൂടിയാണെന്നും ഇത്തരം നിസാരമായ കാര്യങ്ങളില്‍ അല്ല ഗൗരവമേറിയ മറ്റു കാര്യങ്ങളിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധചെലുത്തേണ്ടതെന്നും ദിനേഷ് റാവു പറഞ്ഞു.

2015-ല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മറ്റൊരു എം എല്‍ എ, എസ് എസ് മല്ലികാര്‍ജുനോടോപ്പം മൊബൈലില്‍ വാട്‌സാപ്പ് വീഡിയോ കണ്ടതിന് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2014 ല്‍ ‘ഹമ്മ ഹമ്മ’ പാട്ടിനൊപ്പം നൃത്തം വെക്കുകയും ബാറിലെ പെണ്‍കുട്ടിയെ ചുംബിച്ചതും മറ്റൊരു കോണ്‍ഗ്രസ് നേതാവായ രമ്യയുമായി കലഹമുണ്ടാക്കിയതും ഏറെ വിവാദമായിരുന്നു.