ദീപിക പദുകോണ്‍ ശൂര്‍പ്പണഖ ; നടിയുടെ മൂക്കരിയുമെന്ന ഭീഷണിയുമായി കര്‍ണി സേനയും സംഘപരിവാറും
സിനിമകള്‍ക്ക് നേരെയുള്ള ആര്‍ എസ് എസ് , സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം ഇന്ത്യയില്‍ തുടര്‍ക്കഥയാകുന്നു. തമിഴ് ചിത്രമായ മെരസലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തണുത്തതിന് പിന്നാലെ ഇപ്പോഴിതാ ബോളിവുഡ് ചിത്രമായ പത്മാവതിയാണ് അവരുടെ അടുത്ത ഇര. ചിത്രം നിരോധിക്കുവാന്‍ വേണ്ടി ഇവര്‍ കാട്ടിക്കൂട്ടിയ വങ്കത്തരങ്ങള്‍ ഫലിക്കാതെ വന്നപ്പോഴാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിലെ മുഖ്യ കഥാപാത്രമായ ദീപിക പദുകോണിന് നേരെയാണ് ഇപ്പോള്‍ അവരുടെ ആക്രമണം. ദീപികയുടെ മൂക്കരിയുമെന്നാണ് ഇപ്പോള്‍ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കി.
നേരത്തെ പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്‍റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞ സുപ്രീം കോടതി സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുമ്പായി എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു. ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പത്മാവതിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തുന്നതിന് വേണ്ടി ഒരു സംഘടന രക്തം കൊണ്ട് ഒപ്പുവച്ച കത്ത് അയക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
രാജസ്ഥാനിലും ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ചിത്രത്തെ ശക്തമായി എതിര്‍ക്കുന്നതായും ചിത്രം പണമുണ്ടാക്കുന്നതിനും ആസ്വാദനത്തിനും വേണ്ടി മാത്രമാണ് നിര്‍മിച്ചിട്ടുള്ളതെന്നും രാജസ്ഥാന്‍ മന്ത്രി കിരണ്‍ മഹേശ്വരി ആരോപിക്കുന്നു. വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ചരിത്രത്തെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്മാവതിയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ അസംഖ്യം വിവാദങ്ങളാണ് ചിത്രത്തെ ചുറ്റിപ്പറ്റി ഉടലെടുത്തത്. ചിത്രത്തിലെ ചില റൊമാന്‍സ് സീനുകളെക്കുറിച്ച് ഉടലെടുത്ത വിവാദങ്ങളോ ടെ സംവിധായകന്‍ ബെന്‍സാലിയെ ആക്രമിക്കുന്നതിനും ഷൂട്ടിംഗ് സെറ്റുകള്‍ തല്ലിത്തകര്‍ക്കുന്നതിലും വരെ എത്തിച്ചിരുന്നു. രാജ് പുത് കര്‍ണി സേനയാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയതും സെറ്റ് തല്ലിത്തകര്‍ത്തതും. ജയ്പൂരിലെ ജയ്ഗര്‍ കോട്ടയില്‍ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം.