സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും മുടങ്ങിയേക്കും
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം താളം അനിശ്ചിതത്വത്തിലായതിനു പുറമെ വരുന്ന മാസത്തെ ശമ്പളം – പെന്‍ഷന്‍ വിതരണവും അവതാളത്തിലാകും. വന്‍ പ്രതിസന്ധിമൂലം ട്രഷറികളില്‍ നിന്നു ബില്ലുകള്‍ പാസാക്കി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
സാമ്പത്തിക നില അതീവ സങ്കീര്‍ണമായത്തോടെ ധനകാര്യ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നു.കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ സംസ്ഥാനത്തിനു കടപ്പത്രവും മറ്റും വഴി പരമാവധി 20400 കോടി രൂപ വരയെ വായ്പയെടുക്കാന്‍ കഴിയുകയുള്ളു. ഇതില്‍ കഴിഞ്ഞ ഓണക്കാലത്ത് എടുത്ത 8500 കോടി ഉള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 14000 കോടി വായ്പയെടുത്തിട്ടുണ്ട്.6000 കോടി രൂപ കഴിഞ്ഞ വര്‍ഷം അധിക വായ്പയെടുത്തിരുന്നു. ഈ തുക കൂടി ഇത്തവണത്തെ വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇനിയുള്ള നാലര മാസം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാനാവുന്ന പരമാവധി തുക 400 കോടി മാത്രമാണ്. ഇത് കൂടുതല്‍ തുക വായ്പയെടുക്കുന്നതിനു തിരിച്ചടിയാണ്.കഴിഞ്ഞ വര്‍ഷം അധികമെടുത്ത 6000 കോടി ഇത്തവണത്തെ കണക്കില്‍ ഉള്‍പ്പെടുത്തരുതെന്നു കാണിച്ചു കേന്ദ്രത്തിനു കത്തയയ്ക്കാനാണു തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളിലെ ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണം 30% മാത്രമേ ആയിട്ടുള്ളൂ. ഇനിയുള്ള മൂന്നു നാലു മാസങ്ങളിലായാണു പദ്ധതി നിര്‍വഹണം തകൃതിയായി നടക്കുക. പക്ഷെ ഇതിനുള്ള വിഹിതം കണ്ടെത്തുക എന്നത് സര്‍ക്കാരിന് വെല്ലുവിളിയാണ്. അടുത്ത മാസമാദ്യം ശമ്പളം – പെന്‍ഷന്‍ എന്നിവ വിതരണം ചെയ്യാനുള്ള വഴികള്‍ തേടുകയാണു ധനവകുപ്പ്.10 ലക്ഷം വരെയുള്ള ബില്ലുകള്‍ പാസാക്കി നല്‍കിയാല്‍ മതിയെന്നാണു ട്രഷറികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. 25 ലക്ഷത്തിനു മേലുള്ള എല്ലാ ബില്ലുകളും ധനവകുപ്പിലെ വെയ്‌സ് ആന്‍ഡ് മീന്‍സ് വിഭാഗത്തിന്റെ അനുമതിയോടെ പാസാക്കിയാല്‍ മതിയെന്നാണു നിര്‍ദേശമെങ്കിലും ഇവിടെ നിന്നു ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതു നിലച്ചിട്ടു ദിവസങ്ങളായി.
പ്രതിസന്ധി മറികടക്കാന്‍ മദ്യം മാത്രം ശരണം
സര്‍ക്കാരിനു കൂടുതല്‍ വരുമാനമുണ്ടാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വിദേശ മദ്യ വിപണനശാലകള്‍ തുറക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ജിഎസ്ടി വഴി സംസ്ഥാനം പ്രതീക്ഷിച്ചതു പോലെ വിഹിതം ലഭിക്കാതായതും റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം മൂലം സ്റ്റാംപ് നികുതി ഗണ്യമായി കുറഞ്ഞതും സാമ്പത്തിക നില ഗുരുതരമാക്കിയെന്നാണു സര്‍ക്കാര്‍ ഭാഷ്യം.
ധനകാര്യ കമ്മിഷന്‍ ഗ്രാന്റ്, നികുതി വിഹിതം തുടങ്ങിയ ഇനങ്ങളിലായി എല്ലാ മാസവും ആദ്യം കേന്ദ്രം നല്‍കുന്ന 2500 കോടിയോളം രൂപയെ ആശ്രയിച്ചാണു സംസ്ഥാനം മുന്നോട്ടുപോകുന്നത്. ജിഎസ്ടി യില്‍ നിന്നു പ്രതീക്ഷിച്ചതുപോലെ വിഹിതം ലഭിച്ചു തുടങ്ങിയില്ല. കറന്‍സി നിരോധനം വന്നതോടെ റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ മാന്ദ്യം സ്റ്റാംപ് നികുതി ഇനത്തിലെ വരുമാനവും കുറച്ചു.