വയനാട്ടില്‍ ദൃശ്യം മോഡല്‍ കൊലപാതകം ; പണിനടക്കുന്ന വീടിന്‍റെ തറകുഴിച്ച് മൃതദേഹം മറവു ചെയ്തു

മകളും ഭാര്യയും നടത്തുന്ന കൊലപാതകം കഥാനായകനായ ജോര്‍ജ് കുട്ടി പുറംലോകം അറിയാതെ കുഴിച്ചുമൂടുന്നതാണ് ദൃശ്യം എന്ന ത്രില്ലര്‍ സിനിമയിലൂടെ മലയാളികള്‍ കണ്ടത്. ഒരു കുറ്റം ചെയ്തിട്ട് എങ്ങനെയൊക്കെ പോലീസിനിനെ കബളിപ്പിക്കാം എന്നാണു ആ സിനിമ കാട്ടിത്തന്നത്. ആ സിനിമ പുറത്തിറങ്ങിയ ശേഷം അതിനെ അനുകരിച്ചുകൊണ്ട് ധാരാളം പേര്‍ ചെയ്ത കുറ്റങ്ങള്‍ മറയ്ക്കുവാന്‍ നോക്കി എങ്കിലും അതെല്ലാം പോലീസ് കയ്യോടെ പിടികൂടി എന്നതും നാം കണ്ടതാണ്. സിനിമയുടെ ക്ലൈമാക്സിലാണ് ജോര്‍ജ്ജ് കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ട ശേഷം ആരുമറിയാതെ നിര്‍മാണത്തിലിരിക്കുന്ന പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ തറയിലേക്ക് മാറ്റി കുഴിച്ചിടുകയും ചെയ്യുന്നത് കാണിക്കുന്നത്. സിനമയുമായി ചില സാദൃശ്യമുള്ള സംഭവങ്ങള്‍ ആണ് ഇപ്പോള്‍ പൈങ്ങാട്ടിരിയില്‍ നടന്നിരിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നു. സംശയം തോന്നിയ തൊഴിലാളികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്.

എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. അതേസമയം കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം കുഴിച്ചിട്ടിട്ട് ഒരുമാസം കഴിഞ്ഞെന്ന് തോന്നുന്നു. അഴുകിയി നിലയിലായിട്ടുണ്ട്. തറ നിരപ്പില്‍ നിന്ന് മണ്ണ് താഴ്ന്ന നിലയില്‍ കണ്ട തൊഴിലാളികള്‍ക്ക് തോന്നിയ സംശയമാണ് മൃതദേഹം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. തൊഴിലാളികള്‍ കരാറുകാരനെ വിവരം അറിയിച്ചു. ശേഷം മണ്ണെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുമ്പ് ഈ മുറിയില്‍ മണ്ണ് കുഴഞ്ഞുമറിഞ്ഞ നിലയില്‍ കണ്ടിരുന്നു. പക്ഷേ, അന്നത് കാര്യമാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ മണ്ണ് താഴ്ന്ന് പോയ നിലയില്‍ കണ്ടതോടെയാണ് പരിശോധിച്ചത്. കുഴിയെടുക്കുമ്പോള്‍ തന്നെ ദുര്‍ഗന്ധം വന്നിരുന്നു. പോലീസ് തൊഴിലാളികളില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്നാണ് മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്ന നിഗമനത്തിലെത്തിയത്.

ചാക്കില്‍ കെട്ടി മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കൂടാതെ മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റി വയ്ക്കുകയും ചെയ്തിരുന്നു. ആസൂത്രിതമായ കൊലപാതകമാണെന്ന് സംശയിക്കാന്‍ വകയുണ്ടെന്ന് പോലീസ് പറയുന്നു. ഒന്നിലധികം പേര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പോലീസ് കരുതുന്നത്. സിനിമയിലെ പോലെ വീട് പണി പൂര്‍ത്തിയായാല്‍ തങ്ങള്‍ രക്ഷപ്പെടും എന്ന ചിന്തയില്‍ നിന്നാകാം പ്രതികള്‍ ഇത്തരത്തില്‍ ഒരു കുറ്റകൃത്യത്തിനു തയ്യാറായത് എന്ന് പോലീസ് സംശയിക്കുന്നു. ഒന്നില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ പങ്കാളികളായിട്ടുണ്ടാവം എന്നാണു പോലീസ് പറയുന്നത്.