സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് പി.ബിയില്‍ പിണറായി വിജയന്‍; വിമര്‍ശനം ഉന്നയിക്കാനായുള്ള അവസരം ഉപയോഗപ്പെടുത്തിയില്ല
ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ യോഗം ബഹിഷ്‌കരിച്ച സി.പി.ഐക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം അവൈലബിള്‍ പി.ബി യോഗത്തിലാണ് കഴിഞ്ഞ ദിവസത്തെ സി.പി.ഐ മന്ത്രിമാരുടെ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സി.പി.ഐക്ക് ഇതിനുള്ള മറുപടി കൊടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പി.ബി ചുമതലപ്പെടുത്തുകയും ചെയ്തു.
വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ വേദിയും അവസരവുമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടപടിയാണ് പി.ബിയെ ചൊടിപ്പിച്ചത്. ഇതൊരു അസാധാരണ സംഭവമാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, പാര്‍ട്ടി മുഖപത്രത്തിലൂടെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സി.പി.ഐയുടെ ഈ നടപടികളെയെല്ലാം അക്കമിട്ട് നിരത്തി വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി കൊടുക്കാനാണ് പി.ബി കോടിയേരി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയാണ് എല്‍.ഡി.എഫ് ചുമതലപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് എന്‍.സി.പി നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോട് കുറച്ച് കൂടി സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിച്ചിരുന്നില്ല. ഇക്കാര്യമെല്ലാം സി.പി.ഐക്ക് അറിയാമായിരുന്നിട്ടും ഇതൊന്നും കണക്കാക്കാതെയാണ് മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ വിട്ട് നിന്നതെന്നും യോഗത്തില്‍ പിണറായി വിജയന്‍ കുറ്റപ്പെടുത്തി.ഡല്‍ഹിയില്‍ ചേര്‍ന്ന് അവെയ്ലബിള്‍ പി.ബി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ആറ് പേരാണ് പങ്കെടുത്തിരുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.